World

ലിബിയയിലെ അഭയാര്‍ഥി പീഡനം; യൂറോപ്പിനും പങ്കുണ്ടെന്ന് ആംനസ്റ്

റിജനീവ: ലിബിയയില്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള പീഡനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും യൂറോപ്യന്‍ സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനായാണ് യൂറോപ്യന്‍ സര്‍ക്കാരുകള്‍ ലിബിയന്‍ തീരങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കു പിന്തുണ നല്‍കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്തു സംഘങ്ങള്‍ക്കും ലിബിയന്‍ സൈന്യത്തിനും യൂറോപ്യന്‍ യൂനിയനില്‍ നിന്നു ഫണ്ട് ലഭിക്കുന്നുണ്ട്. ലിബിയന്‍ സൈന്യത്തിന് ഇയു സാമ്പത്തിക സഹായവും കപ്പലുകളും പരിശീലനവും നല്‍കുന്നു. ലിബിയന്‍ തീര സേന അഭയാര്‍ഥികളെ ചൂഷണം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളുമായും മനുഷ്യക്കടത്തു സംഘങ്ങളുമായും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ അധികൃതരുടെ അറിവോടുകൂടിയാണിതെന്നും ആംനസ്റ്റി പറയുന്നു.കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാനുള്ള ഇത്തരം നീക്കങ്ങള്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ കാണാതാവുന്നതിലും അനന്തമായ തടവിലേക്കുമാണ് നയിക്കുന്നത്. അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ലിബിയന്‍ തീര സേന താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുന്നത്. ലിബിയയിലെ അനധികൃത കുടിയേറ്റ വിരുദ്ധ വിഭാഗത്തിന്റെ കീഴിലുള്ള തടങ്കല്‍ കേന്ദ്രത്തില്‍ നിലവില്‍ 20,000ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. തടങ്കല്‍ കേന്ദ്രത്തില്‍ അഭയാര്‍ഥികളെ നിര്‍ബന്ധിച്ചു പണിയെടുപ്പിക്കല്‍, പീഡനം, കൊലപാതകങ്ങള്‍ എന്നിവ നടക്കുന്നുണ്ട്. കേന്ദ്രത്തില്‍ അഭയാര്‍ഥികളെ കൊള്ളയടിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ഉള്‍ക്കൊള്ളാവുന്നതിലും അധികം അഭയാര്‍ഥികളെ പാര്‍പ്പിച്ച കേന്ദ്രത്തില്‍ കടുത്ത പീഡനങ്ങളാണ് നടക്കുന്നതെന്നും ആംനസ്റ്റി യൂറോപ്യന്‍ ഡയറക്ടര്‍ ജോണ്‍ ഹുയ്‌സെന്‍ പറഞ്ഞു.സംഘര്‍ഷം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ പ്രധാന ഇടത്താവളമാണ് ലിബിയന്‍ തീരം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലിബിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഭയാര്‍ഥികള്‍ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇയു കൂട്ടുനില്‍ക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it