Kottayam Local

ലിഫ്റ്റ് നന്നാക്കുന്ന വിവരം അറിഞ്ഞില്ല : മെഡിക്കല്‍ കോളജില്‍ രോഗിയും ബന്ധുക്കളും ലിഫ്റ്റില്‍ കുടുങ്ങി



ആര്‍പ്പൂക്കര: തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നതിനിടയില്‍ ലിഫ്റ്റില്‍ കയറിയ രോഗിയും മറ്റുള്ളവരും ലിഫ്റ്റില്‍ കുടുങ്ങി. അരമണിക്കൂറിലധികം ലിഫ്റ്റില്‍ കുടങ്ങിയ ഇവരെ പിന്നീട് ടെക്‌നീഷ്യന്മാരെത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30ന് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ള ലിഫ്റ്റിലാണ് രോഗിയും മറ്റുള്ളവരും കുടുങ്ങിയത്. മെഡിക്കല്‍ സ്റ്റോറിനു സമീപം പ്രവര്‍ത്തിക്കുന്ന ഇവിടെ രണ്ട് ലിഫ്റ്റുകളാണുള്ളത്. ഒന്ന് പുതിയ രീതിയില്‍ലുള്ളതും മറ്റൊന്ന് പഴയകാലത്തു സ്ഥാപിച്ചതുമാണ്. ഈ പഴയ ലിഫ്റ്റ് രണ്ടു ദിവസമായി തകരാറിലായിരുന്നു. അത് നന്നാക്കുന്നതിനായി ഇന്നലെ രാവിലെ കമ്പനിയുടെ ടെക്‌നീഷ്യന്മാരെത്തി സര്‍വീസിങും, റിപയറിങും നടത്തികൊണ്ടിരിക്കെ നാലുപേര്‍ ഈ ലിഫ്റ്റുവഴി വാര്‍ഡുകളിലേക്ക് പോവാന്‍ കയറി. രണ്ടാം വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന ചിങ്ങവനം പന്നിമറ്റം സ്വദേശി സുധിന്‍ (15), അദ്ദേഹത്തിന്റെ പിതാവ്, മറ്റ് രണ്ടുപേര്‍ എന്നിവരായിരുന്നു ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റില്‍ കയറി ഉടന്‍ തന്നെ കൈകൊണ്ട് വാതില്‍ അടച്ച ശേഷം മുകളിലത്തെ നിലയിലെ വാര്‍ഡിലേക്ക് പോവുന്നതിനായി സ്വിച്ച് ഓണ്‍ ചെയ്‌തെങ്കിലും ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നില്ല. ഈ സമയം മുകളിലത്തെ നിലയില്‍ ടെക്‌നീഷ്യന്‍മാര്‍ തകരാര്‍ സംഭവിച്ച ഈ ലിഫ്റ്റ് നന്നാക്കുകയായിരുന്നു. സമീപത്ത് പ്രവര്‍ത്തനമുള്ള ലിഫ്റ്റിലെ ജീവനക്കാര്‍ തകരാറിലായ ലിഫ്റ്റില്‍ നിന്ന് ബഹളം കേട്ടയുടന്‍ ടെക്‌നീഷ്യന്മാരെ വിവരം അറിയിക്കുകയും അവരെത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു. ജീവനക്കാരില്ലാത്ത ലിഫ്റ്റില്‍ ആരും അറിയാതെ കയറിയതാണ് ഇവര്‍ കുടുങ്ങിപോവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ലിഫ്റ്റ് നന്നാക്കുന്നതിനിടെ രോഗികളോ ജീവനക്കാരോ കയറാതിരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാതിരുന്നതാണ് ലിഫ്റ്റ് നന്നാക്കുന്ന വിവരം അറിയാതെ രോഗികള്‍ കയറാന്‍ ഇടയാക്കിയത്.
Next Story

RELATED STORIES

Share it