ലിഗ: അന്വേഷണം യോഗ പരിശീലകനെ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത് പോലിസ് കസ്റ്റഡിയിലുള്ള യോഗപരിശീലകനെ കേന്ദ്രീകരിച്ച്. ലിഗയോടൊപ്പം വര്‍ക്കലയിലും കോവളത്തും പല തവണ കണ്ടതായി പറയപ്പെടുന്ന ടൂറിസ്റ്റ് ഗൈഡുകൂടിയായ യോഗപരിശീലകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. വര്‍ക്കലയില്‍ ലിഗ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ ഇയാള്‍ ചെന്നിരുന്നോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ അന്വേഷണസംഘം ചോദ്യംചെയ്തു. പോലിസ് കാണുന്നതിനു രണ്ടാഴ്ച മുമ്പ് തന്നെ ഇവര്‍ മൃതദേഹം കണ്ടിരുന്നു എന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഏപ്രില്‍ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പോലിസ് കണ്ടെത്തുന്നത്. പിറ്റേന്ന് സഹോദരി ഇല്‍സയും ഭര്‍ത്താവ് ആന്‍ഡ്രുവും എത്തി മൃതദേഹം ലിഗയുടേതു തന്നെ എന്നു സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനും രണ്ടാഴ്ച മുമ്പ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം കണ്ടിരുന്നുവെന്ന് പോലിസിനു വ്യക്തമായിട്ടുണ്ട്. സ്ഥലത്തു മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ മൃതദേഹം കണ്ടുവെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലിസ് ഇവരെയും ചോദ്യംചെയ്യുകയാണ്. എന്നാല്‍, ഇവര്‍ക്ക് മരണത്തില്‍ ഏന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ലിഗയെ കണ്ടെത്തുന്നവര്‍ക്കു ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഇവരിലാരും വിവരമറിയിച്ചില്ലെന്നത് പോലിസ് സംശയത്തോടെയാണു കാണുന്നത്.
Next Story

RELATED STORIES

Share it