ലിഗയെ കൊലപ്പെടുത്തിയത്; കൃത്യം നടത്തിയത് സംഘംചേര്‍ന്ന്‌

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ശ്വാസംമുട്ടിയാണ് ലിഗ കൊല്ലപ്പെട്ടത്. കഴുത്തില്‍ ചവിട്ടി ഞെരിച്ചോ ശ്വാസംമുട്ടിച്ചോ ആണ് കൃത്യം നടത്തിയതെന്നും റിപോര്‍ട്ട് പറയുന്നു. യുവതിയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. തൂങ്ങിമരിച്ചതാണെങ്കില്‍ ഈ പൊട്ടല്‍ ഉണ്ടാവില്ല. എല്ലുകളിലും ഇടുപ്പിലും ക്ഷതമേറ്റിട്ടുണ്ട്.
ലിഗയുടെ കഴുത്തിലും ഇരുകാലുകളിലും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായി 10 മുറിവുകളുണ്ട്. ഇത് സംഘം ചേര്‍ന്ന് ആക്രമിച്ചതിനു തെളിവാണ്. എന്നാല്‍, ബലാല്‍സംഗശ്രമം നടന്നിട്ടില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ലിഗയുടെ രണ്ടു കാലുകളിലും ഒരേ തരത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത് ഓടുന്നതിനിടെ വള്ളികളില്‍ കുരുങ്ങിയതാവാമെന്നാണു നിഗമനം. ശരീരം വലിച്ചിഴച്ചാലും ഇത്തരം മുറിവുകള്‍ ഉണ്ടായേക്കാം. ലഹരിപദാര്‍ഥങ്ങള്‍ ശരീരത്തിനകത്ത് എത്തിയതായി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധസംഘം തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു.
കേസിലെ പ്രതികള്‍ ഉടന്‍ അറസ്റ്റിലായേക്കും. മുഖ്യപ്രതി പോലിസ് കസ്റ്റഡിയില്‍ തന്നെയുള്ള ആളാണെന്നും സൂചനയുണ്ട്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ പരിശോധന നടത്തി. വിഷാദരോഗത്തിന് കേരളത്തില്‍ ചികില്‍സയ്‌ക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം കോവളത്തെ വാഴാമുട്ടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോവളത്തെ ഒരു പുരുഷ ലൈംഗിക തൊഴിലാളിയും യോഗാധ്യാപകനുമടക്കം നാലുപേര്‍ കേസുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലാണ്. ലിഗയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ മുടിയിഴ ഇവരില്‍ ഒരാളുടേതാണെന്നാണ് പോലിസിന്റെ വിശ്വാസം. ഡിഎന്‍എ ടെസ്റ്റില്‍ ഇതും പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it