Flash News

ലിഗയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘം

തിരുവനന്തപുരം: വിദേശ വനിതയായ ലിഗ കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പുറത്ത്. ലിഗയെ കൊലപ്പെടുത്തിയതു മൂന്നംഗ സംഘമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒന്നിലധികം പേരുടെ ശക്തമായ ബലപ്രയോഗത്തില്‍ കഴുത്തിലേറ്റ മുറിവുകളാണ് ലിഗയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സ്ഥിരീകരിച്ചിരുന്നു.
പോലിസ് കസ്റ്റഡിയിലുള്ള യോഗാ പരിശീലകനും കോവളത്തെ ലഹരി മാഫിയയില്‍പ്പെട്ട രണ്ടു പേരുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. അതിനിടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെയും പോലിസ് തെളിവെടുപ്പു നടത്തി. ഇവിടെ കണ്ടെത്തിയ വള്ളി കൊണ്ടുള്ള കുരുക്കും മുടിയിഴയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ കണ്ടല്‍ തുരുത്തിലേക്കു ലിഗയെ എത്തിച്ചതു യോഗാ പരിശീലകനാണെന്നാണ് സൂചന. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്ന ശേഷമേ അറസ്റ്റ് ഉണ്ടാവൂ എന്നാണ് പ്രത്യേക അന്വേഷണസംഘം അറിയിക്കുന്നത്. ലിഗ മാനഭംഗത്തിന് ഇരയായോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂ. ലിഗയെ തുരുത്തില്‍ എത്തിച്ചുവെന്നു കരുതുന്ന വള്ളത്തില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങളുടെ പരിശോധനാ ഫലവും അന്വേഷണത്തെ സ്വാധീനിക്കും.
അതേസമയം, കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുധ്യം അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിയിട്ടില്ലെന്ന മൊഴിയാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയത്. എന്നാല്‍, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡിയിലുള്ളവരെല്ലാം വാഴമുട്ടത്ത് ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കഴുത്തിനേറ്റ കനത്ത ക്ഷതമാണ് ലിഗയുടെ മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു.
അക്രമിസംഘത്തില്‍ പെട്ടവരെന്ന് കരുതുന്ന അഞ്ചു പേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
Next Story

RELATED STORIES

Share it