ലാവോസില്‍ ഡാം തകര്‍ന്ന് നിരവധി മരണം

ലാവോസ്: തെക്കുകിഴക്കന്‍ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. നൂറുകണക്കിനു പേരെ കാണാതായി.
അത്താപേയു പ്രവിശ്യയില്‍ സെനാംനോയ് വൈദ്യുത പദ്ധതിക്കു വേണ്ടി 2013ല്‍ നിര്‍മാണം ആരംഭിച്ച അണക്കെട്ടാണ് തകര്‍ന്നത്. ദുരന്തത്തില്‍ 6,600 കുടുംബങ്ങള്‍ ഭവനരഹിതരായി. പത്തു ലക്ഷം ടണ്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടിന് 1.6 കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്നു. 16 മീറ്റര്‍ ഉയരവും 770 മീറ്റര്‍ നീളവുമുള്ള ഡാമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് രാത്രിയിലാണ് ദുരന്തമുണ്ടായത്. അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ ജനങ്ങള്‍ ഒന്നടങ്കം പ്രളയത്തില്‍പ്പെട്ടു. വീടുകള്‍ തകര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയാണ് ഡാം തകരാന്‍ കാരണമെന്ന് അണക്കെട്ടിന്റെ നിര്‍മാണച്ചുമതലയുള്ള ദക്ഷിണ കൊറിയയിലെ എസ് കെ എന്‍ജിനീയറിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി വ്യക്തമാക്കി. പ്രധാന ഡാമല്ല, അനുബന്ധ ഡാമാണ് തകര്‍ന്നതെന്നും കമ്പനി അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ എണ്ണം വ്യക്തമല്ല. വെള്ളത്തിനടിയിലായ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളില്‍ കയറിയാണ് പലരും രക്ഷപ്പെട്ടത്.
ഡാമില്‍ അടുത്തവര്‍ഷത്തോടെ വൈദ്യുതോല്‍പാദനം ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തോങ്‌ലൗന്‍ സിസൗലിത്ത് സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it