ലാല്‍സലാം നജ്മല്‍ ബാബു

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക
ചില മറവികള്‍ നമ്മെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ചില കാര്യങ്ങള്‍ വേദനയായി എന്നും നമ്മുടെ മനസ്സില്‍ ബാക്കിയാവും. ദിവസങ്ങള്‍ക്കു മുമ്പ് ഇടതു ചിന്തകനായ കെഇഎന്നുമായി ഞാനും സുഹൃത്ത് ബാബുരാജും നടത്തിയ അഭിമുഖം തയ്യാറാക്കുന്നതിനിടെ സംഭവിച്ച ഒരു മറവിയെ അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍ കാരണം തിരുത്താനായി. നജ്മല്‍ ബാബുവിന്റെ പടം വയ്ക്കണമെന്ന് കെഇഎന്‍ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും ഞങ്ങളത് വിട്ടുപോയിരുന്നു. നജ്മല്‍ ബാബു എന്ന ടി എന്‍ ജോയ്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയാവസ്ഥയില്‍ ചെയ്ത മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനത്തെ നമ്മള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണേണ്ടതുണ്ടെന്നാണ് കെഇഎന്‍ പറഞ്ഞത്. ഞങ്ങളുടെ തെറ്റുതിരുത്താനും അദ്ദേഹത്തിന്റെ പടം സാമാന്യം നന്നായിത്തന്നെ വച്ചുകൊണ്ട് അഭിമുഖം പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. എന്നാല്‍, ഇങ്ങനെയൊന്ന് തയ്യാറാക്കിയെന്ന് ജോയിച്ചേട്ടനോടു പറയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
അതില്‍ കെഇഎന്‍ ഇങ്ങനെ എഴുതുന്നു: ''മതത്തെ, മനുഷ്യരെ തമ്മില്‍ അകറ്റാനുള്ള മാര്‍ഗവും ലക്ഷ്യവുമായി ഭരണകൂട നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുമ്പോള്‍ പൗരസമൂഹം അതിനെ പ്രതിരോധിക്കണം. പല വഴികളിലൂടെയും അതിനെതിരേ പൊരുതണം. അതിലൊരു വഴിയാണ് മര്‍ദിത മതങ്ങളോടുള്ള ഐക്യദാര്‍ഢ്യം. മതവിശ്വാസികളേക്കാള്‍ എളുപ്പത്തില്‍ ഇതിന്റെ മാതൃകയാവാനും നേതൃത്വമാവാനും കഴിയേണ്ടത് മതരഹിതര്‍ക്കും മതവിശ്വാസികള്‍കൂടിയായ മാര്‍ക്‌സിസ്റ്റുകള്‍ക്കുമാണ്. മതരഹിതമാര്‍ക്‌സിസ്റ്റും ചിന്തകനുമായ ടി എന്‍ ജോയിയുടെ ഇസ്‌ലാം മതാശ്ലേഷം, മതരഹിത മസിലുപിടിത്തത്തിനപ്പുറമുള്ള, രാഷ്ട്രീയമാനമാര്‍ജിക്കുന്ന രാഷ്ട്രീയ സന്ദര്‍ഭം ഇതാണ്.'' എന്നാല്‍, കെഇഎന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഈ മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നവര്‍ക്കോ അവിടത്തെ ഇടതുപക്ഷക്കാരനായ എംഎല്‍എക്കോ മുനിസിപ്പല്‍ ചെയര്‍മാനോ മതരഹിതരെന്ന് അവകാശപ്പെടുന്ന കുടുംബത്തിനോ മനസ്സിലാക്കാനാവാതെ പോയി. ദുഃഖകരമായ അനുഭവമായിരുന്നു നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയുടെ മൃതദേഹത്തോട് ചെയ്ത അനാദരവ്.
അദ്ദേഹത്തിന്റെ വേര്‍പാട് ഉണ്ടാക്കുന്നതുപോലെത്തന്നെ വേദനാജനകമാണ് ആ വിപ്ലവകാരിയായ മനുഷ്യനോട് അദ്ദേഹത്തിന്റെ ബന്ധുക്കളെന്ന് അവകാശപ്പെടുന്നവരും അധികാര രാഷ്ട്രീയത്തിന്റെ വക്താക്കളും ചെയ്തത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തില്‍, അസുഖാവസ്ഥയില്‍ പോലും കൂടെയില്ലാതിരുന്ന ബന്ധുക്കള്‍ മരണത്തോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ അവകാശികളാവുന്ന കാഴ്ചയാണു കാണാനായത്. സന്തതസഹചാരികളായിരുന്ന അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനായി ഇരിങ്ങാലക്കുട ആര്‍ഡിഒക്ക് രേഖാമൂലം പരാതി കൊടുക്കുകയും അതിന് അനുകൂലമായി, അതായത് ഒരുദിവസത്തേക്കെങ്കിലും മൃതദേഹം ഫ്രീസറില്‍ വച്ച് സാവകാശം തീരുമാനമെടുക്കാമെന്ന കലക്ടറുടെയും ആര്‍ഡിഒയുടെയും വാക്കാലുള്ള ഉറപ്പിന്‍മേലാണ് ഞാനടക്കമുള്ളവര്‍ അവിടെ നിന്നു തിരിച്ചത്. എന്നാല്‍, മൃതദേഹം അന്ത്യാഭിവാദ്യമര്‍പ്പിക്കാനായി വച്ചിരുന്ന കൊടുങ്ങല്ലൂര്‍ പോലിസ് മൈതാനിയിലേക്ക് ഞങ്ങളെത്തുമ്പോള്‍ കണ്ടത് നടന്നുകൊണ്ടിരുന്ന അനുശോചനയോഗം പെട്ടെന്നു നിര്‍ത്തിവയ്പിക്കുന്നതാണ്. പോലിസ് മൃതദേഹം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരേ ചുറ്റുംകൂടിയിരുന്നവര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പിന്നീട് വീട്ടുവളപ്പില്‍ ദഹിപ്പിച്ചു.
ഈ സമയത്ത് മറ്റൊന്നു കൂടി ഓര്‍ക്കാവുന്നതാണ്. തിരുവനന്തപുരത്തെ പാളയം പള്ളിയില്‍ കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ ഖബറിടമുണ്ട്. അവര്‍ മരിച്ചത് പൂനെയില്‍ വച്ചായിരുന്നു. കമല സുരയ്യ ഇടതുപക്ഷ പ്രവര്‍ത്തകയൊന്നുമായിരുന്നില്ല. എന്നാലും അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എം എ ബേബി അവരുടെ മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനും പാളയം പള്ളിയില്‍ ഖബറൊരുക്കാനും വേണ്ടതെല്ലാം ചെയ്തു. എന്തേ സമകാലിക ഇന്ത്യനവസ്ഥയില്‍ ചെയ്യാനാവുന്ന ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ നജ്മല്‍ ബാബുവിനോട് ഇവിടത്തെ ഇടതുപക്ഷം ഈ നെറികേട് ചെയ്തത്?
ഒരു നീതിമാന്, വിപ്ലവകാരിക്ക് തന്റെ മരണത്തിനു ശേഷവും പോരാളിയാവാമെന്നും പിന്തിരിപ്പന്‍ വ്യവസ്ഥിതിയോടുള്ള കലഹം സാധ്യമാണെന്നും നജ്മല്‍ ബാബു തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യയാത്രയെക്കുറിച്ച് തന്റെ വിയര്‍പ്പും നിശ്വാസവും മോഹങ്ങളും കൂട്ടിക്കലര്‍ത്തിയ കത്തടങ്ങിയ ഫയല്‍ ചേരമാന്‍ പള്ളിയില്‍ ചരിത്രരേഖയായി അവശേഷിക്കും. അദ്ദേഹത്തിന്റെ ഖബറില്ലാത്ത പള്ളിയില്‍ മയ്യിത്ത് നമസ്‌കാരവും അനുശോചന യോഗവും നടത്തി ''സമൂഹത്തില്‍ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനേ ഞങ്ങള്‍ക്കു കഴിയൂ, ഞങ്ങളുടെ പ്രാര്‍ഥന അതാണെന്നു'' പറഞ്ഞ പള്ളി അധികാരികളുടെ ജനാധിപത്യമൂല്യബോധം ഇടതുപക്ഷ, മതേതര, ലിബറല്‍ ബുദ്ധിജീവികളും രാഷ്ട്രീയനേതൃത്വവും മനസ്സിലാക്കുന്നില്ലെന്നത് ദുഃഖകരമാണ്. ഞങ്ങള്‍, ഡോ. ജി ഉഷാകുമാരിക്കും എനിക്കും വേണ്ടി പള്ളിമുറ്റത്തേക്ക് അനുശോചനയോഗം മാറ്റാന്‍ പള്ളി അധികാരികള്‍ തയ്യാറായതും അത്ര ചെറിയ കാര്യമായി തോന്നുന്നില്ല. ചരിത്രത്തെ ഒരു ചെങ്കാവിക്കും വളച്ചൊടിക്കാനാവില്ല. ലാല്‍സലാം നജ്മല്‍ ബാബു. ി
Next Story

RELATED STORIES

Share it