ലാലുവിന്റെ മകന്റെ വിവാഹത്തിനെത്തിയവര്‍ ഭക്ഷണം കൊള്ളയടിച്ചു

പട്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രസാദ് യാദവിന്റെ വിവാഹത്തിനെത്തിയ ജനക്കൂട്ടം ഭക്ഷണവും പാത്രങ്ങളും കൊള്ളയടിച്ചു. ആര്‍ജെഡി എംഎല്‍എ ചന്ദ്രികാ റായിയുടെ മകള്‍ ഐശ്വര്യാ റായിയെ ശനിയാഴ്ചയാണ് തേജ്പ്രസാദ് വിവാഹം ചെയ്തത്.
ചടങ്ങില്‍  ആയിരക്കണക്കിനാളുകള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. വധൂവരന്‍മാര്‍ മാല കൈമാറിയതിനു തൊട്ടുപിന്നാലെ അനിയന്ത്രിതമായ ജനക്കൂട്ടം വിഐപികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊരുക്കിയ പന്തല്‍ കൈയേറുകയുംഭക്ഷണപദാര്‍ഥങ്ങള്‍ എടുത്തുകൊണ്ടുപോവുകയുമായിരുന്നു.
സാധാരണക്കാരില്‍ നിന്നു വിഐപികളെ വേര്‍തിരിക്കുന്ന തടസ്സങ്ങള്‍ ഭേദിച്ചുകൊണ്ടായിരുന്നു ജനം ഇരച്ചുകയറിയത്. ബഹളത്തിനിടയില്‍ പാത്രങ്ങളും മേശകളും കസേരകളും മറിഞ്ഞുവീണു. കൈയേറ്റക്കാരെ ഓടിക്കാനുള്ള ആര്‍ജെഡി നേതാക്കളുടെ ശ്രമം വിഫലമായി. ഫോട്ടോഗ്രാഫര്‍മാരടക്കം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. തങ്ങളുടെ പാത്രങ്ങള്‍ കൊള്ളയടിച്ചതായി ഭക്ഷണവിതരണക്കാര്‍ പരാതിപ്പെട്ടു.
അതിക്രമം നടത്തിയത് ആര്‍ജെഡിക്കാരാണെന്നാണ് കരുതപ്പെടുന്നത്. 7000ഓളം പേര്‍ക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ടെന്നാണ് വിവാഹത്തിന്റെ സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ സംവിധാനമൊരുക്കിയിരുന്നില്ല.
അതേസമയം, വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് ആര്‍ജെഡി പ്രവര്‍ത്തകരടക്കം നാലുപേര്‍ അരാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി നിയന്ത്രണം തെറ്റി ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it