Kottayam Local

ലാറിബേക്കര്‍ പാരമ്പര്യത്തെ ആധുനികവല്‍ക്കരിച്ച വാസ്തുശില്‍പ്പി: അരുന്ധതി റോയ്

കോട്ടയം: ലാറി ബേക്കര്‍ പാരമ്പര്യനിര്‍മാണ സമ്പ്രദായങ്ങളെ ആധുനികവല്‍ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്‍പ്പിയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജന്‍മശതാബ്ദി ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചെലവുകുറഞ്ഞ കെട്ടിടനിര്‍മാണത്തിന്റെ ശില്‍പിയല്ല, ചെലവില്ലാത്ത കെട്ടിടനിര്‍മാണത്തിന്റെ ശില്‍പിയാണ് താനെന്നാണ് തന്റെ അമ്മയ്ക്കു വേണ്ടി പള്ളിക്കൂടത്തിന്റെ കെട്ടിടം നിര്‍മിക്കുന്ന വേളയില്‍ ലാറി ബേക്കര്‍ പറഞ്ഞിട്ടുളളതെന്ന് അരുന്ധതി റോയ് അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ വാസ്തുവിദ്യയുടെ അടിത്തറ തന്നില്‍ രൂപപ്പെടുത്തിയത് ലാറി ബേക്കറാണ്. തന്റെ എഴുത്തിന്റെ ക്രാഫ്റ്റിലും വസ്തുവിദ്യയുടെ അടിത്തറയുണ്ടെന്നും അതിനു കാരണം ലാറിബേക്കറാണ്. സമ്പത്തിന്റെ വൃത്തിക്കെട്ട മുഖം വാസ്തുവിദ്യയെ ഗ്രസിക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. കൂടുതല്‍ പണം ചെലവാക്കി കൂടുതല്‍ ഊര്‍ജവും പ്രകൃതിവിഭവും ഉപയോഗിച്ച് നിര്‍മിച്ചെടുക്കുന്ന ആര്‍ഭാടമായി വാസ്തുവിദ്യയും മാറി. പാവപ്പെട്ടവര്‍ക്കിടമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണു നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉയരുന്നത്. സമ്പത്തുള്ളവര്‍ നഗരം കൈയടക്കുമ്പോള്‍ പ്രാന്തപ്രദേശങ്ങളിലെ അഴുക്കുചാലുകളിലേയ്ക്ക് പാവങ്ങളുടെ ജീവിതം തള്ളപ്പെടുന്നു- അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.ലാറിബേക്കര്‍ ജന്‍മശതാബ്ദി ആഘോഷ ചടങ്ങില്‍ അരുന്ധതി റോയ് മുഖ്യപ്രഭാഷണം നടത്തുന്നു
Next Story

RELATED STORIES

Share it