ലാബ് അസിസ്റ്റന്റുമാരുടെ മുന്‍കാല സര്‍വീസ് അംഗീകരിച്ചു

കെ സനൂപ്

തൃശൂര്‍: സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്തുവരുന്ന ലാബ് അസിസ്റ്റന്റുമാരുടെ 1999 മുതല്‍ 2003 മാര്‍ച്ച് 27 വരെയുള്ള സര്‍വീസ് കാലയളവ് നോഷനലായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 13 വര്‍ഷമായി ഈ മേഖലയില്‍ നിലനിന്നിരുന്ന ഒരു പ്രശ്‌നത്തിനാണ് ഇതോടുകൂടി പരിഹാരമായത്.
1998ല്‍ കേരളത്തില്‍ വ്യാപകമായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1999ലാണ് ലാബ് അസിസ്റ്റന്റുമാരുടെ തസ്തികകള്‍ നിലവില്‍വന്നത്. അന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ലാബ് അസിസ്റ്റന്റുമാരുടെ നിയമനം അംഗീകരിച്ചത് 2005ല്‍ മാത്രമാണ്. അന്നത്തെ ആന്റണി സര്‍ക്കാര്‍ 2003 മാര്‍ച്ച് 28 മുതലുള്ള നിയമനം മാത്രമാണ് അംഗീകരിച്ചു നല്‍കിയത്. പ്രസ്തുത കാലയളവ് അംഗീകരിച്ചു കിട്ടുന്നതിനായി ഏതാനും ലാബ് അസിസ്റ്റന്റുമാര്‍ കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ സുപ്രിംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍ ലാബ് അസിസ്റ്റന്റുമാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ഈ കാലയളവാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ഉത്തരവ് പ്രകാരം 1999 മുതല്‍ 2003 മാര്‍ച്ച് 27 വരെ വിവിധ കാലയളവുകളില്‍ നിയമിതരായ ലാബ് അസിസ്റ്റന്റുമാര്‍ക്ക് നിയമന തിയ്യതി മുതല്‍ നിയമനാംഗീകാരം ലഭിക്കും. ശമ്പള കുടിശ്ശിക ഇല്ലാതെ സര്‍വീസ് അംഗീകരിച്ച് ആ കാലയളവിലെ നോഷനല്‍ ഫിക്‌സേഷന്‍ നല്‍കി തുടര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുകയും ചെയ്യും.

Next Story

RELATED STORIES

Share it