Kottayam Local

ലഹരി ഉപയോഗം; പെട്ടിക്കടകള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം

കോട്ടയം: പാന്‍മസാല തുടങ്ങിയ വസ്തുക്കള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലും മറ്റും സംയുക്ത പരിശോധന ഊര്‍ജിതപ്പെടുത്താന്‍ കലക്ടര്‍ ഡോ. ബി എസ് തിരുമേനി നിര്‍ദേശിച്ചു. ഉല്‍സവകാലമായതിനാല്‍ വിവിധ ഉറവിടങ്ങളില്‍ നിന്ന് ലഹരി പദാര്‍ഥങ്ങളുടെ ക്രയവിക്രയം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിര്‍ദേശം. ഇതു സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന വിമുക്തി മിഷന്റെ യോഗം വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പാന്‍പരാഗ് ഭക്ഷ്യ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഫുഡ് സേഫ്റ്റി, എക്‌സൈസ്, നഗരസഭ, പോലിസ് എന്നിവയുടെ സംയുക്ത പരിശോധന ഊര്‍ജിതമാക്കും.
പാന്‍പരാഗില്‍ പുകയില തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഫുഡ് സേഫ്റ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ വിവരങ്ങള്‍ നല്‍കുന്നതിനു കൂടുതല്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നു യോഗത്തില്‍ പോലിസിന്റെ പ്രവര്‍ത്തനം വിശദീകരിച്ച ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് പറഞ്ഞു.
വിമുക്തിയുടെ പ്രവര്‍ത്തനം വിവിധ സന്നദ്ധ സംഘടനകളെ കൂടി സഹകരിപ്പിച്ച് ഗ്രാസ് റൂട്ട് ലെവലില്‍ വിപുലീകരിക്കും. ലഹരി ഉപയോഗത്തിന്റെ ഭീകരതയും ശിക്ഷയും വ്യക്തമാക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുു വിപുലീകരിക്കും. ലഹരി ഉപയോഗം കൂടുതലുള്ള മേഖലകളില്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, വാര്‍ഡ് സഭകള്‍ എന്നിവ വഴി നിരീക്ഷണങ്ങളും ബോധവല്‍ക്കരണവും ശക്തമാക്കും. പദ്ധതിയുടെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളില്‍ മാസത്തിലൊരിക്കല്‍ വിമുക്ത വോളണ്ടിയര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സന്ദര്‍ശനവും പരിശോധനയും നടത്തും. യൂത്ത് ക്ലബ്ബുകള്‍, സ്റ്റുഡന്റ്‌സ് പോലിസ് എന്നിവയുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.
യോഗത്തില്‍ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് പദ്ധതി വിശദീകരിച്ചു. എഡിഎം കെ രാജന്‍, നര്‍കോട്ടിക് ഡിവൈഎസ്പി കെ എം സജീവ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it