ernakulam local

ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ ആഢംബര ബസ് പിടികൂടി

കാക്കനാട്: വര്‍ഷങ്ങളായി രജിസ്റ്റര്‍ ചെയ്യാതെയും നികുതി അടക്കാതെയും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തിവന്ന അരക്കോടിയോളം രൂപ വിലമതിക്കുന്ന ആഢംബര എസി ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരുന്ന് പിടികൂടി.
രജിസ്‌ട്രേഷന്‍ ഇനത്തിലും നികുതി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയാണ് എയര്‍പോര്‍ട്ടിനുള്ളില്‍ ഇത്തരം ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അജിത്കുമാര്‍ എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ട് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ദിവസങ്ങളായി  എയര്‍പോര്‍ട്ട് പരിസരത്ത് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തുന്ന വാഹനം പിടികൂടിയതെന്ന് ആര്‍ടിഒ കെ എം ഷാജി പറഞ്ഞു. ആറ് വര്‍ഷത്തിലധികമായി ഈ ബസ് എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്നു. ഇത്തരത്തില്‍ നിരവധി കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ രജിസ്ട്രര്‍ ചെയ്യാതെ എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ടിനുള്ളില്‍ വിമാനയാത്രക്കാരെ എത്തിക്കുകയും തിരിച്ച് വിമാനത്തിലേക്ക് എത്തിക്കുകയുമാണ് ഈ ബസ്സുകള്‍ നടത്തുന്ന സര്‍വീസുകള്‍. എയര്‍പോര്‍ട്ടിനു വെളിയിലേക്ക് ഇത്തരം ബസ്സുകള്‍ എത്താറില്ല. അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച അര്‍ധരാത്രിക്കു ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഈ ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
വിവിധ വിമാന കമ്പനിക്കാര്‍ ഹാന്‍ഡലിങ് ചാര്‍ജ് ഇനത്തില്‍ മാസംതോറും കോടികളാണ് കരാര്‍ എടുക്കുന്ന കമ്പനിക്കാര്‍ക്ക് നല്‍കുന്നത്. ഇവരുടെ ബസ്സുകളാണ് എയര്‍പോര്‍ട്ടിനുള്ളില്‍ സര്‍വീസ് നടത്തുന്നതും. ഇപ്പോള്‍ പിടിക്കപ്പെട്ട കോണ്‍ട്രാക്ട് ക്യാരേജ് ബസ്സും സ്വകാര്യ കരാര്‍ കമ്പനിയുടേതാണ്. വാഹനത്തിന്റെ വിലയുടെ ഇരുപത് ശതമാനത്തോളം നികുതിയും കൂടാതെ രജിസ്‌ട്രേഷന്‍ ഫീസും പിഴയും അടക്കേണ്ടി വരും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം നൗഫല്‍, മനോജ്കുമാര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it