ലക്ഷങ്ങളുടെ കുടിശ്ശികയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ടോമി  മാത്യു

കൊച്ചി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടി പരിശീലനകേന്ദ്രങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാനുള്ളത് ലക്ഷങ്ങളുടെ കുടിശ്ശിക. കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 421.51 ലക്ഷവും സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട 60 ലക്ഷം രൂപയും കിട്ടിയിട്ടില്ലെന്ന് വിവരാവകാശരേഖ. 2014 ഏപ്രില്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്.
അതേസമയം, ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്ന് 465.75 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 244.27 ലക്ഷം രൂപയും പരിശീലന പരിപാടിക്കായി നല്‍കിയിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്ക് വനിതാ-ശിശു വികസന ഡയറക്ടറേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ബാക്കി തുകയാണ് കുടിശ്ശികയായുള്ളത്്. സംസ്ഥാനത്ത് നിലവില്‍ 13 അങ്കണവാടി പരിശീലനകേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 3 (തൈക്കാട്, നെയ്യാറ്റിന്‍കര, കൈമനം), കൊല്ലം- ഒന്ന് (കൊല്ലം), കോട്ടയം- ഒന്ന് (കോട്ടയം), എറണാകുളം- രണ്ട് (കലൂര്‍, പെരുമ്പാവൂര്‍), തൃശൂര്‍- ഒന്ന് (തൃശൂര്‍), പാലക്കാട്- ഒന്ന് (പാലക്കാട്), കോഴിക്കോട്- രണ്ട് (ചേവായൂര്‍, നടക്കാവ്), കണ്ണൂര്‍- ഒന്ന് (കണ്ണൂര്‍), കാസര്‍കോട്- ഒന്ന് (കാസര്‍കോട്) എന്നിങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1978ല്‍ തിരുവനന്തപുരത്തും തൃശൂരും ആണ് ആദ്യമായി പരിശീലനകേന്ദ്രം ആരംഭിച്ചത്.
2008ല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ചേവായൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവിലായി പരിശീലനകേന്ദ്രം ആരംഭിച്ചത്. പരിശീലനകേന്ദ്രങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നത് ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. പരിശീലന പരിപാടി നടപ്പാക്കുന്നതിന് മുന്‍കൂര്‍ പണം ലഭിക്കാറില്ല. സംസ്ഥാനത്തെ വിവിധ പരിശീലനകേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നു നല്‍കുന്ന കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി നടപ്പാക്കിവരുന്നത്. വിവിധ ജില്ലകളില്‍ നിന്നു പരിശീലനം ലഭിക്കാനുള്ള പരിശീലനാര്‍ഥികളുടെ എണ്ണം ശേഖരിച്ചശേഷം ഇവര്‍ക്കു ലഭിക്കേണ്ട പരിശീലനങ്ങളുടെ (തൊഴില്‍, റിഫ്രഷര്‍) അടിസ്ഥാനത്തിലാണ് കലണ്ടര്‍ തയ്യാറാക്കുന്നത്.
പരിശീലനകേന്ദ്രങ്ങള്‍ മുന്‍കൂര്‍ ചെലവഴിച്ച പണവും കുടിശ്ശികയുണ്ട്. 2014 ഏപ്രില്‍ 1 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഏകദേശം 60 ലക്ഷത്തോളം രൂപയാണു നല്‍കാനുള്ളതെന്നും വനിതാ-ശിശു വികസന ഡയറക്ടറേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it