World

റോഹിന്‍ഗ്യരെ മ്യാന്‍മറിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് യുഎന്‍

ലണ്ടന്‍: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇപ്പോഴും മ്യാന്‍മറിലേക്കു മടങ്ങാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്നു യുഎന്‍ അഭയാര്‍ഥി വിഭാഗം ഹൈക്കമ്മീഷണര്‍ ഫലിപ്പോ ഗ്രാന്‍ഡി. 6,68,000 അഭയാര്‍ഥികള്‍ക്ക് തിരികെ മടങ്ങാന്‍ പറ്റിയ സാഹചര്യമല്ല മ്യാന്‍മറില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പറഞ്ഞു.
റോഹിന്‍ഗ്യന്‍ പലായനത്തിന്റെ യഥാര്‍ഥ കാരണം അഭിസംബോധനം ചെയ്യപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ബഹിഷ്‌കരണത്തെയും പൗരാവകാശം നല്‍കാത്തതടക്കമുള്ള അവകാശനിഷേധങ്ങളെയും അവസാനിപ്പിക്കുന്നതില്‍ യാതൊരു പുരോഗതിയും കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു ഗ്രാമങ്ങള്‍ ചുട്ടെരിച്ച റഖൈന്‍ സംസ്ഥാനത്തേക്ക് യുഎന്‍ പ്രതിനിധി സംഘത്തിനു പോലും പ്രവേശനാനുമതി നല്‍കുന്നില്ല. മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൗങ്‌ഡോ നഗരത്തിലേക്കല്ലാതെ വടക്കന്‍ റഖൈന്റെ മറ്റു ഭാഗങ്ങളില്‍ എത്തിപ്പെടാന്‍ യുഎന്‍ അഭയാര്‍ഥിവിഭാഗത്തിനു സാധിച്ചിട്ടില്ല. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താനും അഭയാര്‍ഥികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനും പ്രദേശത്ത് യുഎന്‍ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ മാര്‍ച്ചില്‍ മണ്‍സൂണ്‍ ആരംഭിക്കാനിരിക്കെ, അഭയാര്‍ഥികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂചി വിഷയത്തില്‍ കാണിക്കുന്ന അലംഭാവത്തെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രൂക്ഷമായി വിമര്‍ശിച്ചു. റോഹിന്‍ഗ്യര്‍ക്കെതിരായ സൈനികാതിക്രമങ്ങള്‍ നിയമവിരുദ്ധമാണ്. സംഭവങ്ങളുടെ ഉത്തരവാദിത്തം സൈന്യത്തിനുമേല്‍ ചുമത്തുന്നത് നീട്ടിവയ്ക്കണം. രാജ്യത്തു ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് അംഗീകരിക്കാന്‍ ഓങ്‌സാന്‍ സൂച്ചിക്കു മേല്‍ യുഎന്‍ സമ്മര്‍ദം ചെലുത്തണമെന്നും ഹാലി ആവശ്യപ്പെട്ടു. റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തതിനെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it