റോഹിന്‍ഗ്യരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണം

കൊല്‍ക്കത്ത: രാജ്യത്തെത്തിയ റോഹിന്‍ഗ്യന്‍ വംശജരെ കണ്ടെത്തി അവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഈ വിഷയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ബന്ധപ്പെടാന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ റോഹിന്‍ഗ്യരുടെ വിവരം ശേഖരിച്ചശേഷം റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു കൈമാറണം. റിപോര്‍ട്ട് ലഭിച്ചശേഷം മ്യാന്‍മര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൊല്‍ക്കത്തയില്‍ കിഴക്കന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കവെ സിങ് അറിയിച്ചു. ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും രാജ്യത്ത് അഭയംതേടുന്നതിനായി അവര്‍ ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും രാജ്‌നാഥ്‌സിങ് അഭിപ്രായപ്പെട്ടിരുന്നു.
കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും റോഹിന്‍ഗ്യരുടെ സാന്നിധ്യമുള്ളതായി കേരളത്തിലെ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ സിങ് അഭിപ്രായപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് റോഹിന്‍ഗ്യര്‍ യാത്രചെയ്യാന്‍ സാധ്യതയുള്ളതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സതേണ്‍ റെയില്‍വേക്ക് കത്തയച്ചിരുന്നു.

Next Story

RELATED STORIES

Share it