റോഹിന്‍ഗ്യന്‍ കേസ്‌റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാം പുകളിലെ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. അഭയാര്‍ഥി ക്യാംപുകളിലെ ജീവിതം ദുരന്തപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടി റോഹിന്‍ഗ്യന്‍ വംശജര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ 2013ല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ക്യാംപുകള്‍ സന്ദര്‍ശിച്ച് അഭയാര്‍ഥികളുടെ ജീവിതസാഹചര്യങ്ങളും സൗകര്യങ്ങളും അന്വേഷിച്ച് സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനുള്ള കേന്ദ്ര തീരുമാനം ചോദ്യം ചെയ്തു നല്‍കിയ ഹരജി ഇന്നലെ  പരിഗണിക്കാനിരിക്കെയാണ് 2013ലെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ് ക്യാംപുകളിലെ ദുരിതജീവിതത്തെക്കുറിച്ച് ബെഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. വേണ്ടത്ര ശുചിമുറികളും മതിയായ വൈദ്യസഹായങ്ങളും വിദ്യാലയങ്ങളും ഇല്ലാതെയാണ് അഭയാര്‍ഥികള്‍ കഴിയുന്നതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.  ക്യാംപിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ അവിടെ സന്ദര്‍ശിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് എത്തിയ റോഹിന്‍ഗ്യര്‍ അഭയാര്‍ഥികളാണോ അല്ലേ എന്നുപോലും പരിശോധിക്കാതെ എങ്ങനെയാണ് റോഹിന്‍ഗ്യകളെ പുറത്താക്കുകയെന്ന് ഹരജിക്കാര്‍ക്കു വേണ്ടി പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. ഇന്ത്യയിലുള്ള എല്ലാവര്‍ക്കും വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയില്ലെന്നു വാദിക്കുന്നതി ല്‍ ഹരജിക്കാരുടെ താല്‍പര്യമെന്താണെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു. മനുഷ്യത്വം മാത്രമാണ് താല്‍പര്യമെന്നായിരുന്നു ഇതിനു ഭൂഷണ്‍ മറുപടി പറഞ്ഞത്.
Next Story

RELATED STORIES

Share it