kannur local

റോഡ് വികസനം; കൈയേറ്റത്തിന്റെ തോത് കണ്ടെത്താന്‍ സര്‍വേ

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി ടൗണിലെ വികസനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെ റവന്യൂഭൂമി കൈയേറ്റം കണ്ടെത്താന്‍ താലൂക്ക്തല സര്‍വേ ഒരാഴ്ചയ്ക്കകം തുടങ്ങും.
പുതുതായി നിര്‍മിക്കുന്ന ഇരിട്ടി പാലത്തിനോടു ചേര്‍ന്ന ഭാഗത്തെ റവന്യൂ ഭൂമി എത്രത്തോളം കൈയേറിയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്തിന് പുറമെ റവന്യൂഭൂമി കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചതായും കണ്ടെത്തിയിരുന്നു. ഇരിട്ടി പാലം മുതല്‍ പയഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ ഇത്തരത്തില്‍ ചെറുതും വലുതുമായ കൈയേറ്റങ്ങളുണ്ട്. ഇതു തിരിച്ചുപിടിച്ചാല്‍ മാത്രമേ ടൗണ്‍ വികസനം യഥാര്‍ഥ്യമാവൂ.
കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കാന്‍ പുതിയ സര്‍വേയിലൂടെ സാധിക്കും. ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി നിലവിലുള്ള രീതിയില്‍ നിര്‍മാണം നടത്തിയാല്‍ മതിയെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ കെഎസ്ടിപിക്കും നഗരസഭയ്ക്കും കത്ത് നല്‍കിയിരുന്നു. കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ഓവുചാ ല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മാത്രമാണ് നടപ്പാക്കാന്‍ സാധിക്കുക. നിലവിലുള്ള ഒാവുചാല്‍ മാറ്റി പുതിയത് സ്ഥാപിക്കണമെങ്കില്‍ കൈയേറ്റഭൂമി പ്രയോജനപ്പെടുത്തണം. കൈയേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച് വ്യാപാരികളുടെ നിലപാട് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന യോഗം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യാപാരികള്‍ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതല്ലാതെ പൊതുവായ തീരുമാനം ഉണ്ടായിട്ടില്ല.
നഗരസഭയും ബന്ധപ്പെട്ടവരും ഒളിച്ചുകളി തുടരുകയാണ്. ചില കെട്ടിടയുടമകള്‍ വ്യാപാര സംഘടനകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സ്വാധീനിച്ച് കൈയേറ്റം സാധൂകരിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്്. കൈയേറ്റം പൂര്‍ണമായും ഒഴിപ്പിച്ച്് പുതിയ ഓവുചാല്‍ നിര്‍മിച്ച് ടൗണ്‍ വികസനം യാഥാര്‍ഥ്യമാക്കണമെന്നാണ് ഒരുവിഭാഗം വ്യാപാരികളുടെ ആവശ്യം. ഭാവിയില്‍ നാലുവരി പാതയിലേക്ക് മാറുമ്പോള്‍ ടൗണില്‍ പുതുതായി ഒന്നും ഏറ്റെടുക്കുകയോ പൊളിക്കേണ്ടതായോ വരില്ല. അതിനാല്‍ പരമാവധി വികസനം ഇതോടൊപ്പം പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്.
പുതിയ പാലത്തിലേക്ക് ചേരുംവിധം നിലവിലുള്ള റോഡിന്റെ ഘടനയിലും മാറ്റമുണ്ടാവും. ഇതിനായി പാലത്തിന് സമീപത്തെ  കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചുമാറ്റണം. ഇതാണ് കൈയേറ്റക്കാരെ ആശങ്കയിലാക്കുന്നത്.
Next Story

RELATED STORIES

Share it