malappuram local

റോഡ് മാറിപ്പൊളിച്ചു; മൂന്നു വര്‍ഷമായി നവീകരിക്കാതെ അധികൃതര്‍

തേഞ്ഞിപ്പലം: കരാറുകാരന്‍ മാറിപൊളിച്ച ആളച്ചാട്ടുപടി കോമരപ്പടി റോഡ് നവീകരിക്കാതെ അധികൃതരുടെ വക ദുരിതയാത്ര. മൂന്ന് വര്‍ഷത്തോളമായി റോഡ് തകര്‍ന്നു കിടക്കുകയാണ്. ഉയര്‍ന്നു നില്‍ക്കുന്ന കരിങ്കല്ലുകളില്‍ കുടിയുള്ള യാത്ര യാത്രക്കാര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നതോടൊപ്പം  അപകടഭീഷണി കൂടിയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഇതു വഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരം. 2015 മെയ് 25നാണു നവീകരണത്തിന്റെ പേരില്‍ ജെ സി ബി ഉപയോഗിച്ച് കരാറുകാരന്‍ റോഡ് പൊളിച്ചത്.
കടക്കാട്ടുപാറ കോഹിനൂര്‍ റോഡിന്റെ നവീകരണത്തിനായിരുന്നു ഫണ്ട് അനുവദിച്ചത്. എന്നാല്‍ തൊഴിലാളികള്‍ റോഡ് മാറിപൊളിക്കുകയായിരുന്നു.ഏകദേശം എണ്‍പത് മീറ്റര്‍ നീളത്തിലാണു റോഡ് ജെസിബി ഉപയോഗിച്ചു മാന്തിപൊളിച്ചത്. അടുത്തിടെ റീടാറിങ് നടന്ന റോഡ് ജെസിബി ഉപയോഗിച്ചു മാന്തിപൊളിക്കുന്നതറിഞ്ഞെത്തിയ നാട്ടുകാരാണു പ്രവൃത്തി തടഞ്ഞത്. ഇതോടെയാണു തൊഴിലാളികള്‍ക്കും പന്തികേടു മനസിലായത്.
സംഭവവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് ഭരണസമിതി കരാറുകാരനെതിരേ നല്‍കിയ കേസ് പരപ്പനങ്ങാടി മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ്. ഈ ഇനത്തില്‍ പഞ്ചായത്തിന് 3,85,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. അതെ സമയം ഉദേ്യാഗസ്ഥര്‍ നിര്‍ണ്ണയിച്ച റോഡാണു പൊളിച്ചെതന്നാണു കരാറുകാരന്റെ നിലപാട്. നിയമനടപടിയുമായി മുന്നോട്ടുപോവുന്നതിനാല്‍ ഈ റോഡിന് ഫണ്ടനുവദിക്കാനാകാതെ ഇപ്പോഴത്തെ ഭരണ സമിതിയും വെട്ടിലായതിനാല്‍ യാത്രക്കാരാണു പ്രയാസത്തിലായത്. അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയുടെ കഴിവില്ലായ്മയാണ് ഈ റോഡ് പ്രശ്‌നം നിയമക്കുരുക്കില്‍പെടാന്‍ ഇടയാക്കിയതെന്നാണു നാട്ടുക്കാരുടെ ആരോപണം.
Next Story

RELATED STORIES

Share it