kozhikode local

റോഡ് പ്രവൃത്തിയില്‍ വ്യാപക ക്രമക്കേട്‌



പേരാമ്പ്ര: ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ച റോഡ് പണിയില്‍ വ്യാപക അഴിമതി. ഏറെക്കാലം പൊട്ടിപൊളിഞ്ഞ് കിടന്ന് ഗതാഗതയോഗ്യമല്ലാതിരുന്ന പെരുവണ്ണാമൂഴി-മുതുകാട് റോഡ് നവീകരണ പ്രവൃത്തി നടത്തിയതില്‍ വന്‍ അഴിമതി നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 25,00,000 രൂപ ഉപയോഗിച്ച് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി മുതല്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടന്നത്. പെരുവണ്ണാമൂഴിയില്‍ നിന്ന് മുതുകാട് പേരാമ്പ്ര എസ്—റ്റേറ്റ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനുള്ള ഏക റോഡാണിത്. റീ ടാറിംഗ് പ്രവൃത്തി നടത്തി നവീകരിക്കേണ്ട റോഡില്‍ പല ഭാഗങ്ങളിലും ടാറിംഗ് നടത്തിയിട്ടില്ല. മൂന്നു മീറ്റര്‍ വീതിയില്‍ റോഡില്‍ നവീകരണ പ്രവൃത്തി നടത്തേണ്ടതാണെങ്കിലും ചിലയിടങ്ങളില്‍ രണ്ടരയും അതില്‍ താഴെയും മീറ്റര്‍ വീതിയിലാണ് ടാറിംഗ് നടത്തിയിരിക്കുന്നത്. ടാറിംഗ് ചെയ്തതിന്റെ ഒരു ഭാഗങ്ങളിലും ഫില്ലിംഗ് നടത്താത്തതിനാല്‍ വാഹനങ്ങള്‍ക്ക് എതിര്‍ ദിശകളിലേക്ക് കടന്നു പോവാനും കഴിയുന്നില്ല. സാധാരണ ഗതിയില്‍ ടാറിംഗിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുകയോ മണ്ണിട്ട് ഉപരിതലം ടാറിംഗിന് സമാനമാക്കാറുണ്ടെങ്കിലും ഇവിടെ ചിലയിടങ്ങളില്‍ മാത്രം പേരിന് മണ്ണിടുകയും മറ്റിടങ്ങളില്‍ അപകടം വിളിച്ചു വരത്തക്ക തിട്ടകളായി ടാറിംഗ്— നില്‍ക്കുന്നു. ഏറെക്കാലത്തെ മുറവിളികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ നവീകരണത്തിന് തുക അനുവദിച്ചുകിട്ടിയപ്പോള്‍ കരാറുകാരന്‍ തീവെട്ടിക്കൊള്ള നടത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേ റോഡില്‍ പെരുവണ്ണാമൂഴി ടൗണ്‍ മുതല്‍ ഫാത്തിമ മാത ചര്‍ച്ച് വരെയുള്ള ഭാഗം ഇറിഗേഷന്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ വകുപ്പ് നല്‍കിയ കരാര്‍ പ്രകാരം മറ്റൊരു കരാറുകാരനാണ് പ്രവൃത്തി നടത്തിയിട്ടുള്ളത്. വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് റോഡിന്റെ ഗുണഭോക്താക്കള്‍.
Next Story

RELATED STORIES

Share it