റോഡ് നിര്‍മാണ പുരോഗതി: ലോകബാങ്ക് സംഘം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്ന ലോകബാങ്ക് വിദഗ്ധസംഘം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ ലോകബാങ്ക് സംഘം രണ്ടായി തിരിഞ്ഞ് തെക്കും വടക്കുമുള്ള പദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്തുകയാണ്. തുടര്‍ന്ന് നാളെയും മറ്റന്നാളുമായി ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
കെഎസ്ടിപി പദ്ധതികള്‍ക്കുള്ള ലോകബാങ്ക് വായ്പ നഷ്ടപ്പെടുമെന്ന ആശങ്കകള്‍ക്കിടെയാണു വിദഗ്ധസംഘം സംസ്ഥാനത്തെ റോഡ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നത്. ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി റോഡുകളുടെ നിര്‍മാണം അടുത്തവര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കേണ്ടതാണ്. എന്നാല്‍, നിര്‍മാണം വൈകുന്നതിലുള്ള അതൃപ്തി ലോകബാങ്ക് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിലവില്‍ നടക്കുന്ന സന്ദര്‍ശനം നിര്‍ണായകമാണ്.പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ലോകബാങ്ക് സംഘത്തോട് ആവശ്യപ്പെടും.
ലോകബാങ്കിന്റെ സഹായത്തില്‍പ്പെടുന്ന പുനലൂര്‍- പൊന്‍കുന്നം റോഡ് എങ്ങനെ നിര്‍മിക്കണമെന്ന കാര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭയിലാണ് തീരുമാനമായത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ക്കുതന്നെ നാലുമാസം കുറഞ്ഞതുവേണം. നിര്‍മാണം പൂര്‍ത്തിയാവാന്‍ 18 മാസവും. റീടെന്‍ഡര്‍ ചെയ്യാനുള്ള തിരുവല്ല ബൈപാസും സമയത്തിന് പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ലോകബാങ്ക് വായ്പ നഷ്ടമാവും. അതിനാല്‍ 14 മാസം അധികമായി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വഴി ലോകബാങ്കിനോട് ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം.
Next Story

RELATED STORIES

Share it