thrissur local

റോഡ് ടാറിങ് കഴിഞ്ഞതിനു ശേഷം കലുങ്ക് നിര്‍മാണത്തിന് നീക്കം

മാള: റോഡിന്റെ ടാറിംഗും ലൈനിടലും കഴിഞ്ഞതിന് ശേഷം കലുങ്ക് നിര്‍മ്മാണത്തിനായി നീക്കം. മാള വലിയപറമ്പ് റോഡില്‍ ഹോളിഗ്രേസ് ജങ്ഷന് സമീപത്തായാണ് ഒരു മാസത്തോളം മുന്‍പ് ടാറിംഗ് നടത്തിയയിടം പൊളിച്ചാണ് കലുങ്ക് നിര്‍മ്മാണം നടത്താന്‍ നീക്കം നടക്കുന്നത്.
ടാറിംഗിന് മുന്‍പ് ഇത്തരത്തിലുള്ള പണികള്‍ എല്ലാം തീര്‍ക്കാറാണ് പതിവ്. ഈ ഭാഗത്ത് നിന്നും നാനൂറ് മീറ്ററോളം മാറി വലിയപറമ്പ് ജംഗ്ഷനില്‍ ഒരു മാസത്തിലധികം കാലം റോഡ് ബ്ലോക്ക് ചെയ്ത് കലുങ്ക് നിര്‍മ്മാണം നടത്തിയിരുന്നു. ആ സമയത്ത് ചെയ്യേണ്ട പണിയാണ് റോഡിന്റെ ടാറിംഗ് കഴിഞ്ഞതിന് ശേഷം പണിത റോഡ് പൊളിച്ച് പണിയുന്നത്. മെയിന്‍ റോഡില്‍ നിന്നും കെ കരുണാകരന്‍ സ്മാരക മാള ഗവണ്‍മെന്റ് ഐ ടി ഐയ്യിലേക്കും മറ്റും പോകുന്ന റോഡിന്റെ തുടക്കത്തിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.
ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി കലുങ്ക് നിര്‍മ്മാണത്തിനു വേണ്ടിയാണ് റോഡ് പൊളിച്ചത് എന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കലുങ്ക് നിര്‍മ്മാണം കഴിയുന്നത് ഇതിലൂടെയുള്ള യാത്രക്ക് തടസ്സം നേരിടും. പണിക്ക് ശേഷം സാധാരണ ടാറിംഗ് മാത്രമേ ചെയ്യാന്‍ സാദ്ധ്യതയുള്ളത്. ബിറ്റുമിന്‍ മെക്കാഡം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്ത റോഡ് പൊളിച്ചാണ് സാധാരണ ടാറിംഗ് നടത്തുക. ഫണ്ടിന്റെ ദുരുപയോഗവും ജനങ്ങളുടെ ദുരിതവുമാണ് ഈ പ്രവണതയുടെ ഫലം.
Next Story

RELATED STORIES

Share it