thrissur local

റോഡരികിലെ ഉണങ്ങിയ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരുകില്‍ നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
കടങ്ങോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുമായി റോഡരികിലാണ് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി ഉണങ്ങിയ മരങ്ങള്‍ നില്‍ക്കുന്നത്. കാലപ്പഴക്കം മൂലം ദ്രവിച്ച് പലതും ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് ഓഫീസ്, വില്ലേജ്, കൃഷിഭവന്‍, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്നവര്‍, വിദ്യാര്‍ത്ഥികള്‍, വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇതിലൂടെ കടന്നുപോകുന്നത്. ഉണങ്ങിയ മരങ്ങളുടെ വലിയ ശാഖകള്‍ റോഡിലേക്ക് പൊട്ടിവീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് മരക്കൊമ്പ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരനായ നവവരന്‍ ദാരുണമായി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷക്കാലത്ത് എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു മുന്നിലുള്ള വലിയ പ്ലാവിന്റെ കൊമ്പ് പൊട്ടിവീണ അപകടത്തില്‍ വാഹനയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനങ്ങളുടെ ദുരവസ്ഥ പരിഹരിക്കുന്നതിനായി കടങ്ങോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി രേഖാമൂലം പൊതുമരാമത്ത് അധികൃതരോട് മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കിയില്ലെങ്കില്‍ കുന്നംകുളം പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വാര്‍ഡ് മെമ്പര്‍ ജലീല്‍ ആദൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it