Kottayam Local

റേഷന്‍ കാര്‍ഡിലെ പിഴവ്; ഒരു കുടുംബം ദുരിതത്തില്‍

ചങ്ങനാശ്ശേരി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡിലെ പിഴവുമൂലം ഒരു കുടുംബം ദുരിതത്തില്‍. കുറിച്ചി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അമ്പാട്ടുചിറ കുഞ്ഞച്ചനും കുടുംബവുമാണ് റേഷന്‍ കാര്‍ഡില്‍ സംഭവിച്ച പിഴവുമൂലം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി കുറിച്ചി ഗ്രാമപ്പഞ്ചായത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് പുതുതായി ലഭിച്ച റേഷന്‍ കാര്‍ഡില്‍ മേല്‍വിലാസവും വീട്ടുനമ്പരുമെല്ലാം വാഴപ്പള്ളി പഞ്ചായത്ത്  എന്നും തൃക്കൊടിത്താനം പഞ്ചായത്തിലെ 18 ആണ് വാര്‍ഡ് നമ്പരായിട്ടും രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തെ തുടര്‍ന്നു കുഞ്ഞച്ചന്റെ ശരീരം പൂര്‍ണമായും തളര്‍ന്നു കിടപ്പാണ്. ഒരു വര്‍ഷമായി സംസാരശേഷിയും നഷ്ടപ്പെട്ടു. ഭാര്യ വല്‍സമ്മയാണ് അന്നു മുതല്‍ ഇയാളെ ശുശ്രൂഷിക്കുന്നത്. ഏക മകന്‍ ചങ്ങനാശ്ശേരിയിലെ ഒരു വസ്ത്ര വില്‍പ്പനശാലയില്‍ ജോലി ചയ്യുകയാണ്. ഇവിടെ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടു വേണം വീട്ടു കാര്യങ്ങള്‍ നടത്താന്‍. കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന പദ്ധതിയുണ്ടെങ്കിലും റേഷന്‍ കാര്‍ഡില്‍ സംഭവിച്ച പിഴവുമൂലം ഇവ ലഭിക്കാനും കഴിയുന്നില്ല. തന്നെയുമല്ലാ മറ്റാനുകൂല്യങ്ങള്‍ വാങ്ങാനും ഈ പിഴവു തടസ്സമായി നില്‍ക്കുന്നു. മുമ്പ് ഈ കുടുംബം തൃക്കൊടിത്താനം പഞ്ചായത്തിലെ മണികണ്ഠവയലിലായിരുന്നു താമസം. അതിനാല്‍ റേഷന്‍ വാങ്ങാന്‍ ഇപ്പോഴും തൃക്കൊടിത്താനത്തു എത്തേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ പ്രശ്‌നത്തിനു പരിഹാരമായി കാര്‍ഡിലെ പിഴവു രേഖാമൂലമായി പഞ്ചായത്ത് അധികൃതര്‍ക്കു നല്‍കാമെന്നു താലൂക്കു സപ്ലൈ ഓഫിസര്‍ ഇവര്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it