റേഷന്‍ കടകളില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഭൂരിഭാഗം റേഷന്‍ കടകളിലെയും മണ്ണെണ്ണ, അരി, ആട്ട, ഗോതമ്പ് തുടങ്ങിയവയുടെ സ്‌റ്റോക്കുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നത്. പല റേഷന്‍ കടകളിലും വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവുകളിലും കുറവുള്ളതായും വ്യക്തമായി. കോട്ടയം  ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി എഡിആര്‍ 73 നമ്പര്‍ റേഷന്‍ കടയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 47 കിലോ പച്ചരിയും 34.5 കിലോ പുഴുക്കലരിയും തൊട്ടടുത്ത പലവ്യഞ്ജന കടയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി കണ്ടെത്തി. കടയുടെ മുകളിലത്തെ മറ്റൊരു കടയില്‍ നിന്നു റേഷന്‍ കടയിലെ 94 കിലോ പുഴുക്കലരി ഒളിച്ചു വച്ചതും പരിശോധനയില്‍ കണ്ടെത്തി. ഇവ സാംപിള്‍ ശേഖരിച്ച ശേഷം ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് കൈമാറി. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
Next Story

RELATED STORIES

Share it