റേഷന്‍ കടകളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കും

തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ ബാങ്കിങ് സേവനം ലഭ്യമാക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കാനറ ബാങ്കുമായി സഹകരിച്ച് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 റേഷന്‍ കടകളിലാണ് പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കാ ന്‍ ആലോചിക്കുന്നത്. ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇപിഒഎസ്) മെഷീനിലൂടെയാണ് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാവാതെ റേഷന്‍ വ്യാപാരികള്‍ക്ക് ലാഭമുണ്ടാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ക്ക് കാനറ ബാങ്ക് പരിശീലനം നല്‍കും. പദ്ധതി പ്രാവര്‍ത്തികമാവുന്നതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളിലൂടെ സാധ്യമാവും. ഇനി മിനിബാങ്ക് എന്ന പദ്ധതിയിലൂടെയാണ് ബാങ്കിങ് സേവനങ്ങള്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കുന്നത്. 100 മുതല്‍ 200 വരെ ഇടപാടുകള്‍ നടത്തുന്ന റേഷന്‍ കടകള്‍ക്ക് മാസം 2500 രൂപ നിരക്കില്‍ നല്‍കാനാണ് കാനറ ബാങ്കിന്റെ തീരുമാനം.
സേവിങ്‌സ് അക്കൗണ്ടിന് 20 രൂപ വീതവും ആധാര്‍, മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍, നിക്ഷേപം എന്നിവയ്ക്ക് അഞ്ചു രൂപ വീതവും നല്‍കും. പദ്ധതിപ്രകാരം എടിഎം കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാവും. നിലവില്‍ ആന്ധ്രപ്രദേശില്‍ ഈ സംവിധാനം നടപ്പാക്കിവരുന്നുണ്ട്.
പദ്ധതി എങ്ങനെ വിജയകരമായി നടപ്പാക്കാമെന്നും എന്നുമുതല്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ചും റിപോര്‍ട്ട് നല്‍കാന്‍ കാനറ ബാങ്കിനോട് ഭക്ഷ്യവിതരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം എടിഎം സംവിധാനങ്ങളും റേഷന്‍ കടകളിലേക്കു വ്യാപിപ്പിക്കാന്‍ നടപടി തയ്യാറാക്കി വരുകയാണ് സര്‍ക്കാര്‍.
Next Story

RELATED STORIES

Share it