thrissur local

റേഡിയേഷന്‍ യന്ത്രം തകരാറില്‍; കാന്‍സര്‍ രോഗികള്‍ ദുരിതത്തില്‍

മുളങ്കുന്നത്ത്കാവ്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം വീണ്ടും തകരാറിലായി. കാന്‍സര്‍ രോഗികള്‍ക്ക് ദുരിതം തുടരുന്നു. കഴിഞ്ഞ ഒന്നരമാസമായി റേഡിയേഷന്‍ ഓഫിസര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ചികില്‍സ മുടങ്ങിക്കിടന്നതിന് പിന്നാലെയാണ് യന്ത്രത്തകരാര്‍ മൂലം റേഡിയേഷന്‍ ചികില്‍സ  വീണ്ടും അനിശ്ചിതത്വത്തിലായത്.
റേഡിയേഷന്‍ ഡോസ് നിശ്ചയിച്ചു നല്‍കേണ്ട സേഫ്റ്റി ഓഫിസര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ചികില്‍സ മുടങ്ങിക്കിടന്നത്. പുതിയതായി നിയോഗിച്ച രണ്ട് റേഡിയേഷന്‍ സേഫ്റ്റി ഓഫിസര്‍മാര്‍ ചാര്‍ജെടുത്ത ദിവസം തന്നെ റേഡിയേഷന്‍ യന്ത്രം തകരാറിലാവുകയും ചെയ്തു. സോഫറ്റ്‌വെയര്‍ സംബന്ധമായ തകരാറാണ് ഇപ്പോള്‍ യന്ത്രം നിശ്ചലമാകാന്‍ കാരണം.
കഴിഞ്ഞ പത്തിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒരു റേഡിയേഷന്‍ സേഫ്റ്റി ഓഫീസറെ മാറ്റി നിയമിച്ചത്. ഇതിനു പുറമേ ആശുപത്രി വികസന സമിതി ഒരു സേഫ്റ്റി ഓഫിസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തു. ഇരുവരും ചാര്‍ജെടുത്ത വ്യാഴാഴ്ച തന്നെ റേഡിയേഷന്‍ ചികിത്സ പുനരംരംഭിക്കാനിരിക്കെയാണ് യന്ത്രത്തകരാര്‍ വീണ്ടും വില്ലനായെത്തിയത്. ചെന്നൈയില്‍ നിന്ന് എന്‍ജിനീയര്‍മാര്‍ എത്തിയ ശേഷമേ യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ നവംബറില്‍ റേഡിയേഷന്‍ യന്ത്രം ഇടിമിന്നലിനെ തുടര്‍ന്ന് തകരാറിലായിരുന്നു.
ഇതിന് ശേഷം അറ്റകുറ്റപ്പണി നടത്തി ഡിസംബറില്‍ റേഡിയേഷന്‍ ചികില്‍സ ആരംഭിച്ചുവെങ്കിലും സേഫ്റ്റി ഓഫീസര്‍ അനധികൃത അവധിയെടുത്തതിനാല്‍ വീണ്ടും പ്രതിസന്ധിയായി. നിലവിലുള്ള റേഡിയേഷന്‍ യന്ത്രത്തിന് പതിനെട്ട് വര്‍ഷത്തോളം പഴക്കമുണ്ട്. കാലപ്പഴക്കം തന്നെയാണ് യന്ത്രം തുടര്‍ച്ചയായി തകരാറിലാകാനും കാരണം. റേഡിയേഷന്‍ ചികില്‍സയ്ക്കായി അത്യാധുനിക ലീനിയര്‍ ആക്‌സിലേറ്റര്‍ യന്ത്രം സ്ഥാപിക്കുമെന്ന് പല തവണ മന്ത്രിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. തൃശൂര്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് രോഗികളാണ് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. റേഡിയേഷന്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി ചികിത്സ നല്‍കേണ്ട രോഗികളെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
Next Story

RELATED STORIES

Share it