Kottayam Local

റെയില്‍പാത ഇരട്ടിപ്പിക്കല്‍ : നടപടി ആറു മാസത്തിനകം



കോട്ടയം: കോട്ടയത്തിനു പ്രതീക്ഷ നല്‍കി റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പറേഷനു സമീപമുള്ള റെയില്‍വേ തുരങ്കമാണു ആദ്യം ഇരട്ടിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോവുക. നിര്‍മാണം ആരംഭിക്കുമ്പോള്‍ കെ കെ റോഡിലെ ഗതാഗതം തടസ്സപ്പെടുമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടും. റെയില്‍വേ അധികൃതര്‍ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവരുമായി ഉടന്‍ കൂടിയാലോചന നടത്തും. കഞ്ഞിക്കുഴി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേന്ദ്ര ഓഫിസിനു സമീപമുള്ള തുരങ്കത്തോടു ചേര്‍ന്ന് പാതയിരട്ടിപ്പിക്കല്‍ നടപടികള്‍ ആറു മാസത്തിനകം തുടങ്ങാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിനു മുന്നോടിയായി തുരങ്കത്തിന്റെ മുകളിലൂടെ പുതിയ പാലം പണിയും. ഈ സമയത്ത് കെ കെ റോഡിലൂടെയുളള ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്തിനു മുന്നിലൂടെയുള്ള റോഡ് നവീകരിക്കാനും മുട്ടമ്പലം അടിപ്പാലം നിര്‍മിക്കുന്നതിനുമുള്ള രൂപരേഖ തയാറാക്കുന്ന ജോലികള്‍ റെയില്‍വേ ആരംഭിച്ചു. തുരങ്കം അതുപോലെ നിലനിര്‍ത്തും. തുരങ്കത്തിന്റ സമീപം മണ്ണെടുത്തു മാറ്റി ഇരട്ടപ്പാതയ്ക്കായി വീതികൂട്ടും. ഇരട്ടപ്പാത വരുന്നതോടെ തുരങ്കങ്ങള്‍ ട്രെയിനുകളുടെ ഷണ്ടിങിനായി ഉപയോഗിക്കും. പുതിയ ഇരട്ടപ്പാതയില്‍ വശത്തു നിന്നു മണ്ണിടിഞ്ഞു വീഴാതിരിക്കാന്‍ കൊങ്കണ്‍ മാതൃകയില്‍ കല്ലുകള്‍ അടുക്കി സംരക്ഷണ ഭിത്തിയും സ്ഥാപിക്കും. കോട്ടയം സ്റ്റേഷനില്‍ നിന്നു ചിങ്ങവനത്തേക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം കുന്നായ ഭാഗമാണ്. ഇവിടുത്തെ മണ്ണു നീക്കിയാണു പാത ഇരട്ടിപ്പിക്കുന്നത്. രണ്ട് റയില്‍ പാളങ്ങള്‍ സ്ഥാപിക്കാനുളള വീതിയിലാണു തുരങ്കത്തിനു സമീപം മണ്ണെടുത്ത് നീക്കുന്നത്.
Next Story

RELATED STORIES

Share it