റെക്കോഡ് ബുക്കില്‍ ഇടംപിടിച്ച് റഷ്യന്‍ ലോകകപ്പ്‌

മോസ്‌കോ: ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് സമാപനം കുറിക്കുമ്പോള്‍ നിരവധി റെക്കോഡുകളും റഷ്യ സ്വന്തം പേരില്‍ കുറിക്കുന്നു. സെല്‍ഫ് ഗോള്‍, പെനാല്‍റ്റി ഗോള്‍, കൂടുതല്‍ ഗോള്‍ പിറന്ന മല്‍സരങ്ങള്‍ എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ പിറന്ന ലോകകപ്പില്‍ ഇന്നലെ ജപ്പാന്‍-ബെല്‍ജിയം മല്‍സരത്തിലെ ഗോളുകളോടെ മറ്റൊരു കടമ്പ കൂടി മറികടന്നിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പിറന്ന ഗോളുകളുടെ എണ്ണത്തെയാണ്  റഷ്യന്‍ ലോകകപ്പ് മറികടന്നത്.
ജപ്പാന്‍-ബെല്‍ജിയം മല്‍സരത്തില്‍ പിറന്ന അഞ്ചു ഗോളുകളോടെ ഈ പ്രീക്വാര്‍ട്ടറില്‍ ആറ് മല്‍സരങ്ങളില്‍ നിന്നായി 21 ഗോളുകള്‍ സ്‌കോര്‍ ചെയ്യപ്പെട്ടു. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ 18 ഗോളുകളായിരുന്നു ആകെ പിറന്നത്. ഇതു കൂടാതെ ഏറ്റവും കൂടുതല്‍ പെനല്‍റ്റി കിക്കുകളും സെല്‍ഫ് ഗോളുകളും ഈ ലോകകപ്പിലാണ് ഉണ്ടായത്. പത്ത് സെല്‍ഫ് ഗോളുകളും 27 പെനല്‍റ്റി കിക്കുകളുമാണ് ഇതുവരെ വിവിധ ടീമുകള്‍ നേടിയത്. 27 പെനല്‍റ്റികളില്‍ ഇരുപതെണ്ണം ലക്ഷ്യത്തിലെത്തിയപ്പോള്‍ ഏഴെണ്ണം പാഴായി. പോര്‍ച്ചുഗല്‍സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് റഷ്യന്‍ ലോകകപ്പില്‍ പെനാല്‍റ്റിക്ക് തുടക്കമായത്.
വിഎആറിന്റെ കടന്നുവരവും പെനല്‍റ്റിയുടെ എണ്ണം വര്‍ധിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒന്‍പത് പെനല്‍റ്റികള്‍ വിഎആറിലൂടെയാണ് അനുവദിച്ചത്. 1990, 1998, 2002 ലോകകപ്പുകളില്‍ 22 പെനല്‍റ്റികള്‍ അനുവദിച്ചതാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. അതില്‍ 18 എണ്ണമാണ് സ്‌കോര്‍ ചെയ്തത്. ബ്രസീല്‍ ലോകകപ്പില്‍ ആകെ അനുവദിച്ചതാകട്ടെ 13 എണ്ണവും.
ഇതു വരെ പത്ത് സെല്‍ഫ് ഗോളുകളാണ് റഷ്യയില്‍ സംഭവിച്ചിട്ടുള്ളത്. 1998ലെ ഫ്രാന്‍സ് ലോകകപ്പില്‍ പിറന്ന ആറ് സെല്‍ഫ് ഗോളുകളായിരുന്നു നിലവിലെ റെക്കോര്‍ഡ്. ബ്രസീല്‍ ലോകകപ്പില്‍ ആകെ 5 സെല്‍ഫ് ഗോള്‍ മാത്രമാണ് വീണത്. മല്‍സരങ്ങള്‍ ഇനിയും ശേഷിക്കെ റെക്കോര്‍ഡിന്റെ വലുപ്പം കൂടുമെന്ന് ഉറപ്പാണ്.
Next Story

RELATED STORIES

Share it