റിലേയില്‍ കാലിടറി വമ്പന്‍മാര്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ റിലേയിനങ്ങള്‍ വമ്പന്‍ അട്ടിമറികളുടേതായിരുന്നു. എറണാകുളത്തിന്റെയും പാലക്കാടിന്റെയും കുത്തകയിനമായിരുന്ന സ്പ്രിന്റ് റിലേയില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലെ ആറു സ്വര്‍ണം അഞ്ചു ജില്ലകള്‍ക്കായിട്ടാണ് വീതിക്കപ്പെട്ടത്.
പെണ്‍കുട്ടികളുടെ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ കോട്ടയം സ്വര്‍ണമണിഞ്ഞപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം പുതിയ മീറ്റ് റെക്കോഡും സ്ഥാപിച്ചു. റിലേയില്‍ ശക്തരല്ലാത്ത കോട്ടയം പഴയ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോഴിക്കോടിന്റെ വെല്ലുവിളി അതിജീവിച്ചാണ് കോട്ടയം ഒന്നാമതായത്. അനന്യ ജെറ്റോ (സെന്റ് മേരീസ് എച്ച്.എസ്.എസ്. ഭരണങ്ങാനം), അലീന വര്‍ഗീസ് (എസ്.എച്ച്.ജി.എച്ച്.എസ്. ഭരണങ്ങാനം), ഡെല്ല ജോസഫ് (സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ്. പാല), പിഡി അഞ്ജലി (സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്. കുറുമ്പനാടം എന്നിവരുള്‍പ്പെട്ട ടീം 49.25 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. 51.10 സെക്കന്‍ഡില്‍ കോഴിക്കോട് രണ്ടാമതെത്തിയപ്പോള്‍ കൊല്ലത്തിനാണ് വെങ്കലം. അതേസമയം സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന പാലക്കാട് ഇത്തവണ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വാശിയേറിയ മത്സരമാണ് നടന്നത്. പിന്നില്‍ നിന്നു അവസാന ലാപ്പില്‍ കുതിച്ചുകയറിയ ആന്റോസ് ടോമിയാണ് കോട്ടയത്തെ സ്വര്‍ണത്തിലേക്ക് എത്തിച്ചത്. 50.17 സെക്കന്‍ഡിലാണ് ആന്റോസ്് ടോമി (സെന്റ് മേരീസ് എച്ച്.എസ്.എസ്. ഭരണങ്ങാനം), ഡാലിയ പോള്‍ (എസ്.എച്ച്.ജി.എച്ച്.എസ്. ഭരണങ്ങാനം), റാണിയ ജോസ് (സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ്. പാല), പാര്‍വതി പ്രസാദ് (എം.ഡി.എസ്.എച്ച്.എസ്.എസ്. കോട്ടയം) എന്നിവരടങ്ങിയ ടീം പൊന്നണിഞ്ഞത്. 50.25 സെക്കന്‍ഡില്‍ കോഴിക്കോട് വെള്ളി നേടിയപ്പോള്‍ 51.07 സെക്കന്‍ഡില്‍ പാലക്കാട് വെങ്കലമണിഞ്ഞു. പാലക്കാടും എറണാകുളവും റിലേയില്‍ ഒന്നു വീതം സ്വര്‍ണം നേടി.

Next Story

RELATED STORIES

Share it