malappuram local

റിലയന്‍സ് കേബിള്‍ വിവാദം, വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

നിലമ്പൂര്‍: നഗരസഭയില്‍ റിലയന്‍സിന് കേബിള്‍ കുഴിക്കാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ എം മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മാര്‍ച്ച് 12ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. റിലയന്‍സിന് വഴിവിട്ട സഹായം നല്‍കിയത് സംബന്ധിച്ച് സമാനമായ പരാതി കേരളത്തിലെ വിവിധ നഗരസഭകളില്‍ ഉണ്ടായിരുന്നുവെങ്കിലും വിജിലന്‍സ് കോടതിയെ സമീപിച്ചത് നിലമ്പൂരിലെ സിപിഐ പ്രാദേശിക നേതൃത്വമാണ്. പത്മിനി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേല്‍ക്കുന്നതിനു മുമ്പ് 2015 ല്‍ റിലയന്‍സ് നല്‍കിയ കത്തില്‍ 2016 മാര്‍ച്ച് മൂന്നിന് നഗരസഭാ കൗണ്‍സില്‍ ചേര്‍ന്ന് 750 രൂപ പ്രതിവര്‍ഷം തറവാടകയായും കട്ടിങ് ചാര്‍ജ് പുറമേയും ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ചുമതലപ്പെട്ട നഗരസഭാ സെക്രട്ടറിയും ചെയര്‍പേഴ്‌സണും എന്‍ജിനിയറും മറ്റ് ഉദ്യോഗസ്ഥരും ഈ തീരുമാനം റിലയന്‍സ് ഇന്‍ഫോകോമിനു വേണ്ടി അട്ടിമറിച്ചുവെന്നാണ് ആരോപണം. തറവാടക ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ്  തയ്യാറാക്കിയത് ഭരണസമിതിയുടെ അറിവോടെയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സന്റെ മുന്‍കൂര്‍ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നടത്താന്‍ അനുമതി നല്‍കിയത്. എസ്റ്റിമേറ്റ് തയ്യാറാക്കി 68,47,500 റിലയന്‍സ് കമ്പനി അടക്കുകയും ചെയ്തു. മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ അത് തൊട്ടടുത്ത  യോഗത്തില്‍ കൗണ്‍സിലിന്റെ അംഗീകാരം വേണമെന്നിരിക്കെ 4 സാധാരണ യോഗങ്ങളും 2 അടിയന്തിര യോഗങ്ങളും ചേര്‍ന്നെങ്കിലും ഈ മുന്‍കൂര്‍ അനുമതി ചര്‍ച്ച ചെയ്ത് റാറ്റിഫിക്കേഷന്‍ വരുത്താതിനാല്‍ തീരുമാനം സ്വമേധയാ ഇല്ലാതാവുമെന്നതാണ് വസ്തുത. തറവാടക ഇനത്തില്‍ വര്‍ഷം തോറും 1 കോടി രൂപയോളം നഗരസഭയ്ക്ക് നഷ്ടമുണ്ടാക്കുന്നു എന്നതാണ് പരാതി. പ്രവര്‍ത്തനാനുമതി വാങ്ങാതെ റിലയന്‍സ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തി ചെയ്തതിനെതിരെ നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കാന്‍ കൗണ്‍സില്‍ ഐക്യ കണ്‌ഠേന തീരുമാനിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.  അന്നത്തെ തീരുമാനപ്രകാരം വകുപ്പുതല അന്വേഷണത്തിന് കത്തെഴുതാനും തയ്യാറായില്ല.  കൗണ്‍സിലര്‍മാരായ പി എം ബഷീര്‍, മുസ്തഫ കളത്തും പടിക്കല്‍, പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ വകുപ്പു മന്ത്രിക്കും നഗരകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, നഗരകാര്യ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് നടപടി ശുപാര്‍ശ ചെയ്ത് നഗരകാര്യ ഡയറക്ടര്‍ക്ക് കത്തെഴുതിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കാന്‍ സിപിഐ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it