റാഫിക്ക് കൂട്ട് ഇനി സുബീര്‍ മാത്രം

താമരശ്ശേരി: ദുരന്തഭൂമിയില്‍ ഉറ്റവരെ മണ്ണിനടിയില്‍ തിരയുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കിനില്‍ക്കുന്ന റാഫിയുടെ മുഖം കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. തന്റെ എല്ലാമെല്ലാമായ മാതാപിതാക്കള്‍, ഭാര്യ, ഏക മകന്‍, സഹോദരിയും മക്കളുമടക്കം എട്ടു പേരും ഒരു നിമിഷനേരം കൊണ്ട് ഇല്ലാതായിപ്പോയത് ഇനിയും റാഫിക്ക്  ഉള്‍ക്കൊള്ളാനായിട്ടില്ല. റിയാദില്‍ ജോലി ചെയ്യുന്ന റാഫി ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ഹസന്റെ മകനാണ്. വെള്ളിയാഴ്ചയാണ് നാട്ടില്‍ എത്തിയത്. ദുരന്തത്തില്‍ റാഫിയുടെ മാതാവ് ആസിയ, ഭാര്യ ഷംന, ഏക മകന്‍ വിച്ചിമോന്‍, സഹോദരിമാരായ നുസ്‌റത്ത്, ജന്നത്ത്, നുസ്‌റത്തിന്റെ മക്കളായ റിസ്‌വ മറിയം, റിന്‍ഷ മെഹ്‌റിന്‍ എന്നിവരാണ് നാല് അയല്‍പക്ക വീടുകളിലെ അംഗങ്ങളോടൊപ്പം റാഫിക്ക് നഷ്ടപ്പെട്ടത്. രാവിലെ മുതല്‍ തന്നെ ഇന്നലെയും തിരച്ചില്‍ സ്ഥലത്തെത്തിയിരുന്നു റാഫി. ഇനിയും കണ്ടെടുക്കാന്‍ സാധിക്കാത്ത തന്റെ മാതാവിന്റെ ഭൗതിക ശരീരം കണ്ടെത്തുന്നതിനായി പ്രാര്‍ഥനയുമായി നില്‍ക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കും. മലയടിവാരത്തു നിന്നു മാറി ഒരു വീടുവയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. സഹോദരി നുസ്‌റത്തിനു പനിബാധയെ തുടര്‍ന്നാണ് കരിഞ്ചോലയിലേക്ക് വന്നത്. തന്റെ ഭാര്യയും രണ്ടു മക്കളും ഭാര്യ കുടുംബവും ദുരന്തത്തില്‍ പെട്ടത് ഇന്നും ഉള്‍ക്കൊള്ളാന്‍ എറണാകുളത്ത് ഫാബ്രിക്കേഷന്‍ ജോലിയുമായി കഴിയുന്ന അളിയന്‍ സുബീറിനും കഴിയുന്നില്ല. റാഫിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സുബീറും.
Next Story

RELATED STORIES

Share it