kasaragod local

റാണിപുരത്ത് ടൂറിസത്തിന്റെ മറവില്‍ വ്യാപക ഭൂമി കൈയേറ്റമെന്ന്



കാസര്‍കോട്: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തും മൂന്നാര്‍ മോഡല്‍ ഭൂമി കൈയേറ്റം സജീവമാണെന്ന് പരാതി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍പെട്ട റാണിപുരത്താണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ പാര്‍ശ്വനിരകളുടെ ഭാഗമായ റാണിപുരം പ്രദേശത്ത് അനധികൃത കൈയേറ്റങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഖനനങ്ങളും വര്‍ധിച്ചുവരുന്നതായി റാണിപുരം പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള റാണിപുരം മലനിരകള്‍ കാസര്‍കോടിന്റെ കാലാവസ്ഥ, ഭൂഗര്‍ഭജലനിരപ്പ് എന്നിവയില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. 3200 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശത്തെ ചെങ്കുത്തായ മലനിരകള്‍ നിത്യേന ഇടിച്ചുകൊണ്ടിരിക്കുകയാണ്. റാണിപുരം വനത്തോട് ചേ ര്‍ന്ന് സഞ്ചാരികള്‍ പ്രവേശിക്കുന്ന വഴിയുടെ തൊട്ടടുത്തായാ ണ് വന്‍തോതില്‍ കുന്നിടിച്ച് നിരത്തുന്നത്്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ റാണിപുരത്ത് നിര്‍മിച്ച ക്വാട്ടേജുകളുടെ സമീപത്താണ് ഇപ്പോള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കുന്നിടിക്കുന്നത്. കുന്നിടിച്ച് വാഹന പാര്‍ക്കിങിന് ഗ്രൗണ്ട് സംവിധാനം ഒരുക്കുകയാണ് സ്വകാര്യ വ്യക്തികളെന്നും സമിതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കലക്്ടറുടെ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിന് സ്ഥലം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടി സ്വീകരിക്കുന്നതിന് പനത്തടി പഞ്ചായത്ത്, ജിയോളജി വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലത്തെ അനധികൃത പാര്‍ക്കിങ് ഗ്രൗണ്ട് അടക്കമുള്ള നിയമലംഘനങ്ങള്‍ തഹസില്‍ദാറുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും വനം, റവന്യൂ വകുപ്പുകള്‍ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. റാണിപുരം ഇക്കോടൂറിസം കേന്ദ്രം കൈയേറാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രണ്ട് സ്വകാര്യ വ്യക്തികളാണ് ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ടൂറിസം കേന്ദ്രം കൈയേറുന്നത്. കേരളത്തില്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുമ്പോള്‍ റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ഭൂമി കൈയേറുകയാണെന്നും ഭാരവാഹികള്‍പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി സി ദേവസ്യ, ബാബു കദളിമറ്റം, കെ കെ അശോകന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ലാലു കൊട്ടോടി സംബന്ധിച്ചു.
Next Story

RELATED STORIES

Share it