Kollam Local

റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം

കരുനാഗപ്പള്ളി: ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അതുല്‍ (16), പ്രണവ് (16) എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഈ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ആദിത്യ സാഗര്‍, മൃദുല്‍, വസുദേവ്, എന്നിവരുടെ നേതൃത്യത്തില്‍ 20 ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പരിക്കേറ്റ അതുല്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കുഴഞ്ഞു വീണു. താലൂക്ക് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ തലയ്ക്ക് ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ തൊപ്പി ധരിച്ചെത്തിയ അതുലിനോടും പ്രണവിനോടും തൊപ്പി ഊരിമാറ്റുവാന്‍ സീനിയര്‍ വിദ്യാര്‍ഥികളായ സാഗറും, മൃദുലും ആവശ്യപ്പെട്ടിരുന്നു. മഴ ആയതിനാല്‍ തൊപ്പി ഊരിമാറ്റാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പല പ്രാവശ്യം ഇവരുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും ആക്രമണത്തിനു മുതിരുകയും ചെയ്തതായി പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സാഗറിന്റെ നേതൃത്വത്തില്‍ അതുലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. വൈകീട്ട് ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴാണ് 20 ഓളം വിദ്യാര്‍ഥികള്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. സിപിഎം നേതൃത്വം നല്‍കുന്ന മാനേജുമെന്റാണ് സ്‌കുളിന്റെ ഭരണം നടത്തുന്നത്. സിപിഎമ്മുകാരനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിവാദമായിരുന്നു. അതിന്റെ തുടര്‍ച്ചയായി സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ ഒന്നാം പ്രതിയായ ആദിത്യ സാഗര്‍. അച്ഛന്റെ പിന്‍ബലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആദിത്യ സാഗറിന്റെ റാഗിങ് മുറ. ഈ സംഭവം ഒതുക്കി തീര്‍ക്കാനാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അ്ധ്യാപകരുടേയും ശ്രമം. കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലിസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള ഉന്നതങ്ങളില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍.
Next Story

RELATED STORIES

Share it