റാഗിങിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികളെ കാണാതായി

തിരുവനന്തപുരം: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികളെ കാണാതായി. വട്ടപ്പാറ പിഎംഎസ് ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഇവരെ റാഗിങിന് ഇരയാക്കിയെന്നാണ് പരാതി.
ബുധനാഴ്ച രാവിലെ ഇന്റേണല്‍ പരീക്ഷ എഴുതാന്‍ മൂവരും എത്തിയിരുന്നില്ല. കാണാതായ വിദ്യാര്‍ഥികളുടെ ഫോ ണ്‍ സ്വിച്ച് ഓഫാണ്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂവരെയും റാഗിങ് എന്ന പേരില്‍ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നേരത്തേ  കോളജ് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, കോളജ് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ എറണാകുളം ഭാഗത്തുണ്ടെന്നാണ് പോലിസിനു കിട്ടിയ സൂചന. അതേസമയം, സംഭവത്തെ തുടര്‍ന്ന്  രണ്ടു സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡെ ന്റല്‍ കോളജ് വിദ്യാര്‍ഥികളായ അന്‍വര്‍ ഷാ, സചിന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും കോളജ് അധികൃതര്‍ പറഞ്ഞു.
കാണാതായവരില്‍ അബ്ദുല്ല തിരുവനന്തപുരത്തെ ഹോസ്റ്റലില്‍ നിന്നും മറ്റ് രണ്ടു പേര്‍ വീടുകളില്‍ നിന്നുമാണ് പരീക്ഷയ്ക്കു പോയത്. പരീക്ഷയ്ക്കു വേണ്ട വസ്തുക്കള്‍ മാത്രമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. രക്ഷിതാക്കളില്‍ നിന്നുള്ള പരാതി ലഭിച്ചതായും പോലിസില്‍ പരാതി നല്‍കിയതായും അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ഡോ. ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it