റഷ്യയുമായുള്ള മിസൈല്‍ കരാറിലും റിലയന്‍സ്

ന്യൂഡല്‍ഹി: റഫേല്‍ കരാറിനു പിന്നാലെ കഴിഞ്ഞ ദിവസം ഒപ്പിട്ട 5.43 ബില്യണ്‍ ഡോളറിന്റെ ഇന്ത്യ-റഷ്യ പ്രതിരോധ കരാറിലും പങ്കാളിയായി റിലയന്‍സ്. വഌദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് 39,000 കോടിയോളം രൂപ വരുന്ന അഞ്ച് എസ്-400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവച്ചത്. ഇതിലാണ് റിലയന്‍സിനെ പങ്കാളിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനായി 2015ല്‍ തന്നെ എസ്-400 ട്രയംഫ് നിര്‍മിക്കുന്ന റഷ്യന്‍ പൊതുമേഖലാ കമ്പനിയായ അല്‍മാസ്-ആന്റേയുമായി റിലയന്‍സ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായുള്ള പങ്കാളിയായി കരാറൊപ്പിട്ടിട്ടുണ്ട്. മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ കരാറും നടന്നിരിക്കുന്നത്. 600 കോടി ഡോളറിന്റെ കരാറാണ് റിലയന്‍സും അല്‍മാസ്-ആന്റേയുമായുള്ളത്.
റഫേല്‍ കരാറില്‍ പൊതുമേഖലാ കമ്പനിയായ എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കരാറിന്റെ വിശദാംശങ്ങളില്‍ റിലയന്‍സിന്റെ പങ്കാളിത്തത്തെക്കുറിച്ച് മിണ്ടിയിരുന്നില്ല. എന്നാല്‍, അന്ന് റിലയന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അല്‍മാസ്-ആന്റേയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് പറയുന്നുണ്ട്.
എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കുറച്ചു വര്‍ഷമായി നടന്നുവരുകയായിരുന്നു. ഇതിനിടയിലാണ് റിലയന്‍സ് കരാര്‍ ഒപ്പിടുന്നത്. റഷ്യയുടെ അത്യാധുനിക വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് 2007 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗമാണ്. ആക്രമണങ്ങളെ തടയാനും പ്രത്യാക്രമണത്തിനും ഇത് ഉപയോഗിക്കാം.

Next Story

RELATED STORIES

Share it