World

റഷ്യന്‍ വിമാനാപകടം: തിരച്ചില്‍ ഊര്‍ജിമാക്കി

മോസ്‌കോ: റഷ്യയില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹത്തിനായി തിരച്ചില്‍ ശക്തമാക്കി. മോസ്‌കോയില്‍ നിന്ന് 80 കിലോമീറ്ററോളം അകലെയാണു വിമാനാപകടം. യാത്രക്കാരും ജീവനക്കാരുമടക്കം 71 പേര്‍ അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ ഇവര്‍ എല്ലാവരും മരിച്ചതായി റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു.കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി അടിയന്തര സഹായ സംഘത്തെ വിന്യസിച്ചു. വിമാനം തകര്‍ന്നു വീണ മേഖലയില്‍ മഞ്ഞുമൂടിയതു തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 150 പേര്‍ ഉള്‍പ്പെട്ട സംഘത്തെയാണു  നിയോഗിച്ചത്. സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസായ സറാട്ടോവ് എര്‍ലൈന്‍സിന്റെ ആന്റണോവ് എഎന്‍ 148 വിമാനമാണു തകര്‍ന്നുവീണത്. ഏഴു വര്‍ഷം പഴക്കമുള്ളതാണു വിമാനം. ഓര്‍ക്‌സ് നഗരത്തിലേക്കു പോവുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ സമയത്തിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍, മാനുഷികമായ തെറ്റുകള്‍, സാങ്കേതിക തകരാറുകള്‍ എന്നിവയിലേതെങ്കിലും അപകട കാരണമായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. അപകടത്തിനു മുമ്പ് വിമാനജീവനക്കാരുടെ ഭാഗത്തു നിന്നു പ്രത്യേക സന്ദേശങ്ങളൊന്നും ലഭി—ച്ചിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനം തകര്‍ന്നുവീണ മേഖലയില്‍ നിന്നു ലഭിച്ച ഫ്‌ളൈറ്റ് റിക്കാര്‍ഡര്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്. സിസി ടിവി കാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ അഗ്‌നിഗോളം ആകാശത്തു പറക്കുന്നതായാണു സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it