Kollam Local

റയില്‍വേ മണ്ണെടുത്ത് അപകടാവസ്ഥയിലായ വീടിന് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ ഇഎസ്‌ഐ റോഡിന് സമീപം റയില്‍വേ അശാസ്ത്രീയമായി മണ്ണെടുത്തത് വഴി വീട് അപകടാവസ്ഥയിലായ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.വില്ലേജ് ഓഫിസറുടെ റിപോര്‍ട്ടും ഹര്‍ജിക്കാരന്റെ ആക്ഷേപവും അടിയന്തരമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കലക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.എഴുകോണ്‍ ആശ്രമം സ്വദേശി ഡി സുദര്‍ശനന്‍ നല്‍കിയ പരാതിയിലാണ് നടപടി.  അശാസ്ത്രീയമായി റയില്‍വേ മണ്ണെടുത്തതുകാരണം തന്റെ വീട് അപകടാവസ്ഥയിലാണെന്നും മണ്ണിടിച്ചില്‍ തടയാന്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നുമാണ് ആവശ്യം. ശക്തമായ മഴയുണ്ടായാല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും സംരക്ഷണഭിത്തി നിര്‍മിച്ചാല്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനാകുമെന്നും വില്ലേജ് ഓഫിസര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.  മണ്ണെടുത്ത സമയം സ്ഥലത്ത് സുരക്ഷിതമായ രീതിയില്‍ സ്ലോപ്പിങ് ചെയ്യാന്‍ പരാതിക്കാരന്‍ അനുവദിക്കാതിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സുരക്ഷിതമായ രീതിയില്‍ സ്ലോപ്പ് ചെയ്തിട്ടുണ്ട്. വഴിയാത്രക്കാരുടെ സംരക്ഷണത്തിനായി വേലി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായി ദക്ഷിണ റയില്‍വേ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു
Next Story

RELATED STORIES

Share it