malappuram local

റമദാന്‍ പടിവാതിലില്‍ ; കോഴിക്ക് വില കുതിക്കുന്നു



റജീഷ് കെ സദാനന്ദന്‍

മലപ്പുറം: റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോഴിക്കു വിപണിയില്‍ തീ വില. ഒരു കിലോഗ്രാം ഇറച്ചിക്ക് 200 രൂപ കവിഞ്ഞു. അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രണ്ടാഴ്ചകൊണ്ടാണ് വില വന്‍തോതില്‍ ഉയര്‍ന്നത്. ഇറച്ചിക്ക് ഇതുവരെ 120 രൂപയായിരുന്നു. കോഴി വിലയും ഗണ്യമായി ഉയര്‍ന്നു. കിലോഗ്രാമിന് 135 രൂപയാണ് വില. മുട്ടക്കോഴിക്കും വില കൂടി. മുട്ടക്കോഴിയുടെ ഇറച്ചി കിലോഗ്രാമിന് 240 രൂപയും കോഴിക്ക് 120 രൂപയുമാണ് ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. കോഴി ലഭ്യതയിലുള്ള ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്. പ്രാദേശിക കോഴിയുല്‍പാദനം തീര്‍ത്തും നിലച്ചു. വരള്‍ച്ചയാണ് ഇതിന് വഴിവച്ചത്. ജലദൗര്‍ലഭ്യം കാരണം ചെറുകിട ഫാമുകള്‍ നടത്തിക്കൊണ്ടുപോവാനാകാത്ത നിലയാണ്. വന്‍കിട ഫാമുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള മൊത്ത വിതരണക്കാരുമാണ് ഇപ്പോള്‍ കച്ചവടക്കാര്‍ക്ക് പ്രധാന ആശ്രയം. തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം എന്നിവിടങ്ങളില്‍ നിന്നാണ് കാര്യമായി കോഴി ഇറക്കുമതി ചെയ്യുന്നത്. മഴക്കുറവ് തമിഴ്‌നാട്ടിലെ ഫാമുകളുടെ നടത്തിപ്പിനേയും ബാധിച്ചിട്ടുണ്ട്. മൂന്നിലൊന്ന് ഉല്‍പാദനം മാത്രമാണ് അവിടേയും നടക്കുന്നത്. ക്ഷാമം രൂക്ഷമായതോടെ കച്ചവടക്കാര്‍ക്കും കോഴി ലഭിക്കുന്നത് വന്‍ വിലയ്ക്കാണ്. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.  കഴിഞ്ഞ വര്‍ഷം റമദാന് 180 രൂപയായിരുന്നു കോഴിയിറച്ചി വില. നിലവില്‍ ആവശ്യത്തിനുള്ള കോഴി പോലും ലഭിക്കുന്നില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു. ഈ നിലയില്‍ റമദാന്‍ പിറക്കുന്നതോടെ ക്ഷാമം ഇരട്ടിക്കും. പ്രാദേശിക ഫാമുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മാത്രമെ വിലയില്‍ ഇനി കുറവുണ്ടാവൂ.  ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശിവല്‍കരണം കാരണം തൊഴില്‍ നഷ്ടമായി തിരിച്ചെത്തിയവരടക്കം വലിയൊരു വിഭാഗം മലപ്പുറം ജില്ലയിലടക്കം കോഴിയുല്‍പാദനത്തിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍, ഈ മേഖലയ്ക്ക് ആവശ്യമായ പിന്തുണയും പ്രോല്‍സാഹനവും സര്‍ക്കാറില്‍ നിന്നുണ്ടായില്ല. കോഴിയുല്‍പാദനം കാര്‍ഷികവൃത്തിയായി അംഗീകരിക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം സര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല. കോഴിത്തീറ്റയടക്കമുള്ളവക്ക് വില വന്‍തോതില്‍ ഉയരുമ്പോള്‍ തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാരുമായി മല്‍സരിച്ചു നില്‍ക്കാന്‍ ചെറുകിട ഫാം നടത്തിപ്പുകാര്‍ക്ക് കഴിയുന്നില്ല. ഇതോടെ മിക്കവരും ഫാമടച്ചുപൂട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it