Pravasi

റമദാനെ വരവേല്‍ക്കാന്‍ ഖത്തര്‍ വിപണി ഒരുങ്ങി



എം ടി പി റഫീക്ക്

ദോഹ: വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും റമദാന്‍ വിപണി സജീവമായി. സര്‍ക്കാര്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കുകയും മറ്റു ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില സ്ഥിരമായി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പുറമേ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തങ്ങളുടേതായ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂഹമൂറിലെ സഫാരി മാള്‍ റമദാന് വേണ്ടി കമനീയമായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഖത്തറിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന കോട്ട മാതൃകയിലുള്ള കമാനം പ്രവേശന കവാടത്തില്‍ തന്നെ കാണാം. ഈത്തപ്പഴത്തിന്റെ വമ്പന്‍ ശേഖരം തന്നെ റമദാന്‍ പ്രമാണിച്ച് ഇവിടെയെത്തിയിട്ടുണ്ട്. ഖത്തറിന് പുറമേ പ്രധാനമായും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണുള്ളത്. 10 റിയാല്‍ മുതല്‍ 115 റിയാല്‍ വരെ വിവിധ വിലകളിലും വലുപ്പത്തിലും ഗുണനിലവാരത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ ലഭ്യമാണ്. വിലയില്‍ മുമ്പന്‍ പ്രവാചക വചനങ്ങളില്‍ എടുത്തു പറഞ്ഞിട്ടുള്ള അജ്വ തന്നെയാണ്. 800 ഗ്രാമിന്റെ പായ്ക്കറ്റിന് 114 റിയാലാണ് വില. റോയല്‍ സൗദി, സബാറ, അല്‍ബിലാദ്, ഖുദ്‌രി, അല്‍ നാദ, ഖലസ്, അര്‍ജൂന്‍, ക്രൗണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട ഈത്തപ്പഴങ്ങള്‍ ഇവിടെ ലഭ്യമാണ്. നോമ്പ് തുറയ്ക്ക് ഒഴിവാക്കാനാവാത്തതാണ് ഈത്തപ്പഴമെന്നതിാല്‍ മികച്ച ഓഫറുകളോട് കൂടിയാണ് വിപണിയില്‍ ഇവ വിറ്റഴിക്കുന്നത്. വിവിധയിനം നട്ട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, പാലുല്‍പ്പന്നങ്ങള്‍, സര്‍ബത്ത്, ജ്യൂസ്, ബോട്ടില്‍ഡ് വാട്ടര്‍, അരി, പഴവര്‍ഗങ്ങള്‍, മറ്റു ഭക്ഷ്യോല്‍പ്പന്നങ്ങള്‍,  തുടങ്ങിവയ്ക്കും വിലക്കുറവും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റമദാന്‍ തുടങ്ങുന്നത് വാരാന്ത്യത്തിലായതിനാല്‍ വലിയ തിരക്കാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉല്‍പ്പന്നങ്ങള്‍ കൂടാതെ മൊത്തം 600ഓളം ഉല്‍പന്നങ്ങള്‍ക്ക് സഫാരി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പര്‍ച്ചേസ് മാനേജര്‍ കാസിം പറഞ്ഞു. റമദാനില്‍ പരമാവധി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കി ഉപഭോക്താക്കളുടെ ഒപ്പം നില്‍ക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന പഞ്ചാബ് ഗാര്‍ഡന്‍ റൈസിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പരമാവധി വില 26.50 ആണ്. എന്നാല്‍, സഫാരി നോമ്പ് തുടങ്ങും മുമ്പ് തന്നെ 22.75 റിയാലിനാണ് ഇത് വില്‍ക്കുന്നതെന്ന് കാസിം ചൂണ്ടിക്കാട്ടി. ഹോട്ട് ഫുഡ് വിഭാഗത്തിലും ഫ്രഷ് ഫുഡ് വിഭാഗത്തിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ഇഫ്താര്‍ കിറ്റ് ഏറ്റവും മിതമായ വിലയില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മല്‍സ്യ വിപണി ഉംസലാലിലേക്ക് മാറ്റിയതിനാല്‍ ദോഹയിലെ ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കി ഫ്രഷ് മല്‍സ്യം നേരിട്ട് എടുത്ത് ആകര്‍ഷകമായ വിലയില്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ് മുതലായവ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കാസിം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it