Pravasi

റമദാനിലെ സുരക്ഷ : ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു



ദോഹ: റമദാനില്‍ ഗതാഗത, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി  ആഭ്യന്തര മന്ത്രാലയം. റോഡിലെ ഗതാഗതത്തിന് തടസ്സമുണ്ടാകുന്ന വിധത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. രാത്രി സമയങ്ങളിലെ പ്രാര്‍ഥനാ സമയങ്ങളില്‍ ഗതാഗതതടസം സൃഷ്ടിക്കരുത്. തിരക്കേറിയ സമയങ്ങളില്‍ ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളു. അനുവദനീയമായ സ്ഥലം മാത്രമായിരിക്കണം റോഡ് മുറിച്ചുകടക്കാന്‍ ഉപയോഗിക്കേണ്ടത്.  പാര്‍പ്പിട മേഖലകളിലെ ഉള്‍റോഡുകളില്‍ കുട്ടികളെ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുത്. നിശ്ചിത കളിസ്ഥലങ്ങളില്‍ മാത്രമേ കുട്ടികളെ കളിക്കാന്‍ അനുവദിക്കാവൂ. വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി ഇഫ്താര്‍ സ്ഥലങ്ങളിലേക്ക് എത്താന്‍ നേരത്തെ യാത്ര പുറപ്പെടണം. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ ടിന്നിലടച്ചതും ശീതീകരിച്ചതുമായ ഭക്ഷണങ്ങളുടെ കാലാവധി പരിശോധിക്കണം. ടിന്നിലടച്ച ഭക്ഷണസാധനങ്ങളുടെ നിറം, മണം, ഗുണം എന്നിവയില്‍ വ്യത്യാസമുണ്ടോയെന്നും ഉറപ്പാക്കണം. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് കേട് വരാതിരിക്കാനായി വൃത്തിയായി അടച്ചോ ഫ്രിഡ്ജിലോ സൂക്ഷിക്കണം. പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥലവും ഭക്ഷണവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. റമദാന്റെ മധ്യത്തിലാണ് ഖത്തരി സമൂഹം കരന്‍ഗവൂ ആഘോഷിക്കുന്നത്. പാര്‍പ്പിട മേഖലകളില്‍ സമ്മാനങ്ങളും മധുരപലഹാരങ്ങളും ശേഖരിക്കാനായി റോഡുകളില്‍ കുട്ടികള്‍ ഉണ്ടാകുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയാവണം രാത്രിയില്‍ വാഹനം ഓടിക്കേണ്ടത്. റമദാന്‍, ഈദ് ഷോപ്പിങ് നേരത്തെയാക്കണം. പരമാവധി ഷോപ്പിങ് നേരത്തെയാക്കുന്നതിലൂടെ പാര്‍ക്കിങ് പ്രശ്‌നങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാം.  ഭിക്ഷാടകരെ കണ്ടെത്തിയാല്‍ മന്ത്രാലയത്തിലെ ഭിക്ഷാടക പ്രതിരോധ വിഭാഗത്തെ അറിയിക്കണം(2347444, 33618627). രാജ്യത്തെ നിര്‍ധനരായ ജനങ്ങളെ സഹായിക്കാനായി അംഗീകൃത സന്നദ്ധ സംഘടനകളുണ്ടെന്നും മറ്റ് തട്ടിപ്പുകളില്‍ വീഴരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ 999 എന്ന നമ്പറില്‍ അറിയിക്കണം.
Next Story

RELATED STORIES

Share it