World

റമദാനിലെ ഉംറ: 10 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ നാട്ടിലേക്കു മടങ്ങി

മദീന: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും പ്രവാചകന്റെ പള്ളിയില്‍ ഭജനമിരിക്കുന്നതിനുമായി എത്തിയ വിദേശ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ഇതുവരെ 10 ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതായി പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വെളിപ്പെടുത്തി.
70 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഈ സീസണില്‍ ഉംറ വിസയിലെത്തിയത്. പുണ്യമാസത്തില്‍ ഇരുഹറമുകളിലായി ചെലവഴിച്ച് സംതൃപ്തിയോടെ നാടുകളിലേക്ക് മടങ്ങുന്ന തീര്‍ത്ഥാടകരെ യാത്രയാക്കുന്നതിന് ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഓരോരുത്തര്‍ക്കും സംസം വെള്ളവും അജ്‌വ ഈത്തപ്പഴവും പനിനീര്‍ പുഷ്പവും അടങ്ങുന്ന സമ്മാനപ്പൊതിയും മധുരപലഹാരങ്ങളും നല്‍കിയാണ് ഹജ്ജ്-ഉംറ മന്ത്രാലയ ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.
ഈ ഉംറ സീസണില്‍ മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി 10 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിച്ചെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ സന്ദര്‍ശന വിഭാഗം മേധാവി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ബൈജാവി പറഞ്ഞു. ഈ മാസം അവസാനിക്കുന്നതു വരെ തീര്‍ത്ഥാടകരുടെ ഒഴുക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉംറ തീര്‍ത്ഥാടകര്‍ തിരിച്ചുപോവുന്നത് വരെ ഗതാഗതം, താമസം, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട സേവന ദാതാക്കളുടെ ബാധ്യതയാണെന്നു ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it