റബര്‍ ഡാമുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങി കേരളം

സി എ സജീവന്‍

തൊടുപുഴ: വിദേശരാജ്യങ്ങളില്‍ വിജയകരമായി നിര്‍മിച്ച റബര്‍ ഡാമുകള്‍ പരീക്ഷിക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നു. താരതമ്യേന അപകടസാധ്യതയും ചെലവും കുറഞ്ഞവയാണിവ. ജലസേചനത്തിനും ചെറിയതോതില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും ഈ ഡാമുകള്‍ ഉപയോഗിക്കാനാവും. കേരളത്തിലെ ആദ്യ റബര്‍ ഡാമിന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഊര്‍ജ സംരക്ഷണരംഗത്ത് നൂതന മാര്‍ഗങ്ങള്‍ അവതരിപ്പിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററി (ഇഎംസി)നാണ് റബര്‍ ഡാമുകള്‍ കേരളത്തിലും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തിരുവനന്തപുരം കോര്‍പറേഷനിലെ മരുതന്‍കുഴിയിലെ തടയണയിലാണ് കേരളത്തിന്റെ പ്രഥമ റബര്‍ ഡാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിന് ഒരുങ്ങുന്നതിനിടയിലാണ് പ്രളയമെത്തിയത്. ഇതോടെ പ്രോജക്റ്റിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പഠനംകൂടി നടത്തിയ ശേഷമേ റബര്‍ ഡാമിന്റെ നിര്‍മാണം ആരംഭിക്കൂവെന്ന് ഇഎംസി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. റബര്‍ ഡാം രാജ്യത്ത് പുതിയതല്ല. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് കനാലില്‍ റബര്‍ ഡാം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മരുതന്‍കുഴിയിലെ പ്രൊജക്റ്റ് തയ്യാറാക്കുന്നതിനു മുന്നോടിയായി ഇഎംസി സംഘം അവിടെ സന്ദര്‍ശിച്ചു പഠനം നടത്തിയിരുന്നു.
പരമാവധി അഞ്ചടി ഉയരമേ ഈ റബര്‍ ഡാമുകള്‍ക്കുണ്ടാവൂ. അഞ്ച് മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളമാണ് ഡാമിനുണ്ടാവുക. നീളം കൂടുന്നതിനനുസരിച്ചു പദ്ധതിയുടെ ചെലവും കൂടും. റബര്‍ ട്യൂബില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഡാമിന് ഉപയോഗിക്കുന്നത്.
വെള്ളം നിറഞ്ഞ ട്യൂബ് തടയണയായി വര്‍ത്തിക്കും. പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന്റെ തോതിലും രീതിയിലും മാറ്റമുണ്ടാവും. ടര്‍ബൈനും ജനറേറ്റര്‍ സംവിധാനവുമെല്ലാം മൈക്രോ ജലവൈദ്യുത പദ്ധതികളുടേതുതന്നെയാണ്. സാധാരണ നിലയില്‍ അഞ്ച് മീറ്റര്‍ ഉയരമുള്ള റബര്‍ ഡാമില്‍ നിന്ന് കുറഞ്ഞത് 50 കിലോവാട്ട് വൈദ്യുതി ഉറപ്പാണ്. ഉയരം കൂടുതലുള്ള പ്രദേശമാണെങ്കില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാം. മരുതന്‍കുഴിയില്‍ 50 കിലോവാട്ട് ശേഷിയുള്ള റബര്‍ ഡാമാണ് വിഭാവനം ചെയ്തത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി തിരുവനന്തപുരം കോര്‍പറേഷന്റെ എല്‍ടി ലൈനിലേക്ക് നല്‍കുന്നതിനായിരുന്നു പരിപാടി.
ചെറിയ തടയണകളില്‍ നിന്നും മറ്റും പൈപ്പുകളിലൂടെ വെള്ളം ഒഴുക്കി കൃത്രിമമായി ചുഴിയുണ്ടാക്കി അതില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രൊജക്റ്റും ഇഎംസി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓര്‍ടെക്‌സ് ടര്‍ബൈനുകളുപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പാദനം. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ പ്രൊജക്റ്റും തലസ്ഥാനത്ത് കൊച്ചാറിലൊരുങ്ങിക്കഴിഞ്ഞതായി ഇഎംസി ജോയിന്റ് ഡയറക്ടര്‍ ജി അനില്‍ തേജസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it