റഫേല്‍ ഇടപാട്: ഒന്നാം പ്രതി മോദിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഒന്നാം പ്രതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നു വ്യക്തമായിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാനമന്ത്രിയുടെ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്. 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബിജെപി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ് തന്നെ സത്യം പുറത്തുവിടുമ്പാള്‍ അതിന് ആധികാരികത വര്‍ധിക്കുന്നു. വിമാന നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലിനെ തഴഞ്ഞാണ് 12 ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് ആയിരക്കണക്കിനു കോടികളുടെ കരാര്‍ നല്‍കിയത്. ഇതിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണു ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 126 റഫേല്‍ പോര്‍ വിമാനങ്ങളും അവയുടെ സാങ്കേതികവിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിനു ശ്രമിച്ചത്. യുപിഎ കാലത്ത് 590 കോടി രൂപയ്ക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിമാനത്തിന്റെ വില 1690 കോടിയായി ഉയര്‍ന്നതെങ്ങനെയെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it