kasaragod local

റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വേകും: മുഖ്യമന്ത്രി

നീലേശ്വരം: പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയെയും കയ്യുര്‍-ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കാര്യങ്കോട് പുഴയില്‍ നിര്‍മിക്കുന്ന പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഎംഎസ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ഇതുവരെ പദ്ധതി പ്രാവര്‍ത്തികമായില്ല.
വികസന പ്രര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവും പാടില്ലെന്ന സര്‍ക്കാര്‍ നിലപാടു കാരണമാണ് പദ്ധതി ഇപ്പോള്‍ യാതാര്‍ത്ഥ്യമാവുന്നത്. യാത്രാദുരിതത്തിനും കുടിവെള്ള പ്രശ്‌നത്തിനും റഗുലേറ്റര്‍ കം ബ്രിഡ്ജ് പരിഹാരമാവും. തേജസ്വിനി പുഴയുടെ മനോഹാരിത ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കാരണമാവും. പാലം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ച മുന്‍ ജനപ്രതിനിധികളെയും ഇപ്പോഴത്തെ ജനപ്രതിനിധികളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജല വിഭവ മന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
എം രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത്ബാബു, മുന്‍ എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, കെ പി സതീഷ്ചന്ദ്രന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയിലേയും കിനാനൂര്‍-കരിന്തളം, കയ്യുര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ എന്നീ പഞ്ചായത്തുകളിലെയും ജലസേചന കുടിവെള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനു ജലസേചന വകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Next Story

RELATED STORIES

Share it