kasaragod local

രോഗികളെ പുനപ്പരിശോധനയ്ക്ക്വിധേയമാക്കണം: വിജിലന്‍സ് റിപ്പോര്‍ട്ട്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് റിപോര്‍ട്ട്. വിവരാവകാശരേഖപ്രകാരം എം ഗംഗാധരന്റെ പരാതിപ്രകാരമാണ് വിജിലന്‍സ് പരിശോധന ആരംഭിച്ചത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും വീണ്ടും ഒരു മെഡിക്കല്‍ ക്യാംപില്‍ പങ്കെടുപ്പിച്ച് യഥാര്‍ഥ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണോയെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2ആര്‍ടിഐ-42454/2017 ഉത്തരവ് പ്രകാരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (എച്ച്ക്യു) ഇ എസ് ബിജുമോന്‍ ബദിയടുക്കയിലെ സി എച്ച് മുഹമ്മദുകുഞ്ഞിക്ക് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 മുതലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചത്. ജൈവികമായ സാധ്യത, ഭൂമിശാസ്ത്രപരമായ സാധ്യത, അസുഖത്തിന്റെ കാരണം എന്നിവയും രോഗിയുടെ രോഗത്തിനു കാരണം എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായതാണോ എന്ന പഠനങ്ങളുടെ ലഭ്യത. 1974ല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിനുശേഷമാണ് രോഗങ്ങളുടെ തുടക്കം എന്നു വ്യക്തമാക്കുന്ന രേഖകളുടെ ലഭ്യത എന്നിവയൊക്കെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരാണ് ക്യാംപില്‍ രോഗികളെ പരിശോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ അംഗീകരിച്ച 11 പഞ്ചായത്തുകളിലെയും മറ്റു 33 പഞ്ചായത്തുകളിലെയും രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടങ്ങളില്‍ 1986 മുതല്‍ 2000 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. ദുരിതബാധിതരെ തിരഞ്ഞെടുക്കാന്‍ 2010, 2011, 2013 വര്‍ഷങ്ങളിലാണ് മെഡിക്കല്‍ ക്യാംപുകള്‍ നടന്നത്. നിലവില്‍ 5800ലധികം ആളുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ ക്യാംപ് 2010 ജനുവരിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജോസ് ഡിക്രൂസിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്യാംപില്‍ 11 ഡിപാര്‍ട്ട്‌മെന്റില്‍ നിന്നായി 45 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നു. 15,000ഓളം ആളുകള്‍ പങ്കെടുത്ത ക്യാംപില്‍ നിന്നും 4000ഓളം പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചികില്‍സയ്ക്കും തുടര്‍നപടികള്‍ക്കുമാണ് ലിസ്റ്റ് തയാറാക്കിയത്. അന്നു ക്യാംപില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ വളരെ ഉദാരമായാണ് ലിസ്റ്റ് തയാറാക്കിയതെന്നും അതില്‍ മാനദണ്ഡങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തന്നെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട കേസുകളില്‍ ഇല്ലാത്തവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഇതില്‍ പറയുന്നു. 2011 ആഗസ്തില്‍ നടന്ന ക്യാംപില്‍ 768 പേരെ തുടര്‍ചികില്‍സയ്ക്കായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ 2011 ഡിസംബര്‍ 31ന് മനുഷ്യാവകാശകമ്മീഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010ലെ ക്യാംപില്‍ നിന്നും 4182 പേരെയും 2011ലെ ക്യാംപില്‍ നിന്നും 1318 പേരെയും 2013ലെ ക്യാംപില്‍ നിന്നും 31 പേരെയും 2016ലെ ക്യാംപില്‍ നിന്നും 11 പേരെയും ഉള്‍പ്പെടുത്തിയാണ് 5848 പേരുടെ ലിസ്റ്റ് തയാറാക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട 4719 പേര്‍ക്ക് പെന്‍ഷന്‍ നല്‍കാനായി നിര്‍ദേശിക്കുകയും ചെയ്തു. ഇതു മൂന്ന് കാറ്റഗറികളായി തിരിക്കുകയും പൂര്‍ണമായും കിടപ്പിലാവുകയും പരസഹായം ആവശ്യമുള്ളവര്‍ക്കും കൂടുതല്‍ ശാരീരിക അവശതയുള്ള 1200ഉം അല്ലാത്തവര്‍ക്ക് 700 രൂപയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ ലിസ്റ്റില്‍ സര്‍ക്കാര്‍ ജീവനക്കാരും പറയത്തക്ക രോഗങ്ങളില്ലാത്തവരും ആനുകൂല്യം കൈപ്പറ്റുന്നതായി വ്യക്തമായിട്ടുണ്ട്. ഇതു പരിഗണിച്ചാണ് വീണ്ടും മെഡിക്കല്‍ ക്യാംപ് നടത്താന്‍ ശുപാര്‍ശ ചെയ്തത്. കഴുത്തില്‍ മുഴബാധിച്ച ഒരാളും വീണ് കാലൊടിഞ്ഞ ഒരാളും ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ വിജിലന്‍സ് ഡിവൈഎസ്പി രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it