wayanad local

രോഗബാധ; ജില്ലയില്‍ കോഴികള്‍ ചത്തൊടുങ്ങുന്നു

വെള്ളമുണ്ട: ജില്ലയില്‍ കോഴികള്‍ക്ക് കോക്‌സീഡിയോസിസ് രോഗം പടരുന്നു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വഴി വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും ചത്തു. ഗുണഭോക്താക്കള്‍ക്കും സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപയും നഷ്ടമായി. ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ മുഖേന കുടുംബശ്രീ അംഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്ത കോഴിക്കുഞ്ഞുങ്ങള്‍ക്കാണ് വ്യാപകമായി രോഗം പിടപെട്ടത്.
ഒരുകുടുംബത്തിന് 10 കോഴിക്കുഞ്ഞുങ്ങളെയാണ് മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ വെള്ളമുണ്ട പഞ്ചായത്തില്‍ മാത്രം ഇതിനോടകം 18 വാര്‍ഡുകളിലായി പതിനായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും കോഴിവിതരണം നടത്തിയിട്ടുണ്ട്. ഒരുകോഴിക്ക് അമ്പത് രൂപ ഗുണഭോക്താവും അമ്പത് രൂപ ഗ്രാമപ്പഞ്ചായത്തുമാണ് നല്‍കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത പൗള്‍ട്രി ഫാമുകളില്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി നല്‍കുന്നത്. എന്നാല്‍, കോഴികളെ വീട്ടിലെത്തിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കൊണ്ട് ചത്തുപോവുകയാണെന്നു ഗുണഭോക്താക്കള്‍ പറയുന്നു. രോഗം നിയന്ത്രിക്കാനായി മൃഗാശുപത്രികളില്‍ നിന്ന് മരുന്നുകള്‍ നല്‍കിയെങ്കിലും ഫലം കാണുന്നില്ല.
പ്രതിരോധ കുത്തിവയ്പ് നടത്താതെയാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നതെന്നാണ് പരാതി. എന്നാല്‍, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റത്തെ തുടര്‍ന്നാണ് ജില്ലയില്‍ കോഴികള്‍ക്ക് കോക്‌സീഡിയോസിസ് രോഗം പിടിപെട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. രോഗം കണ്ടെത്തിയതോടെ കോഴിക്കുഞ്ഞ് വിതരണം നിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it