palakkad local

രോഗത്തിന്റെ അവശതകള്‍ക്കിടെ നേടിയെടുത്ത വിജയമധുരം



വടക്കഞ്ചേരി: നാല് വര്‍ഷമായി തുടരുന്ന വൃക്ക സംബന്ധമായ രോഗത്തിന്റെ അവശതകള്‍ക്കിടയില്‍ അനുരഞ്ജ് രാമചന്ദ്രന് ഇത് വിജയാഹ്ലാദത്തിന്റെ മുഹൂര്‍ത്തം. ഇരു വൃക്കകളും 25% മാത്രം പ്രവര്‍ത്തിക്കുന്ന ഈ ബാലന്‍ രോഗാവസ്ഥയിലും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ്. ശോഭ ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ ശ്രീ കുറുംബ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നടത്തുന്ന ശോഭ അക്കാദമിയിലെ വിദ്യാര്‍ഥിയാണ് അനുരഞ്ജ്.കൂലിപ്പണിക്കാരായ രാമചന്ദ്രന്‍, ലീല എന്നിവരുടെ മൂത്ത മകനായ അനുരഞ്ജിന് പരീക്ഷയില്‍ എല്ലാ വിഷയത്തിലും 70%ത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഡയാലിസിസിന്റെ ക്ഷീണത്തിലും കഷ്ടപ്പെട്ട് നേടിയെടുത്ത വിജയമാണ് അനുരഞ്ജിന്റേത്. ശോഭ അക്കാദമിയിലെ അധ്യാപകരും മാനേജ്‌മെന്റും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് ഇത്തരമൊരു വിജയത്തിന് തന്നെ പ്രാപ്തനാക്കിയതെന്ന് അനുരഞ്ജ് പറയുന്നു. ശ്രീ കുറുംബ ട്രസ്റ്റിന്റെ സഹായത്തോടെ തന്നെയാണ് അനുരഞ്ജിന്റെ ചികിത്സയും നടക്കുന്നത്. എറണാകുളം അമൃത ആശുപത്രിയിലെ ഡോ. അനിലിന്റെ ചികിത്സയിലുള്ള അനുരഞ്ജ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. രോഗം ഭേദമായതിന് ശേഷം ഉന്നത പഠനം തുടരാനാണ് അനുരഞ്ജിന്റെ ആഗ്രഹം.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ട് ശ്രീ കുറുംബ ട്രസ്റ്റിന് കീഴില്‍ ആരംഭിച്ച ശോഭ അക്കാദമിയിലെ പത്താം ക്ലാസ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയാണ് അനുരഞ്ജ്. 100% വിജയം നേടിയ ഇവിടെ പരീക്ഷയെഴുതിയ 48 കുട്ടികളില്‍ 25 വിദ്യാര്‍ഥികള്‍ക്ക് 90%ത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 15 വിദ്യാര്‍ഥികള്‍ക്ക് 80നും 90%നുമിടയില്‍ മാര്‍ക്കുണ്ട്. ബാക്കി 8 പേര്‍ക്ക് 70%ത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ട്. സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന ശോഭ അക്കാദമി സ്വന്തമാക്കിയ തിളക്കമാര്‍ന്ന വിജയത്തെ ഏറെ അഭിമാനത്തോടെയാണ് വടക്കഞ്ചേരി പഞ്ചായത്ത് അധികൃതരും ഗ്രാമവാസികളും നോക്കിക്കാണുന്നത്.
Next Story

RELATED STORIES

Share it