Flash News

രൂപയുടെ മൂല്യം കൂപ്പുകുത്തി; കടുത്ത വിലക്കയറ്റം

ന്യൂഡല്‍ഹി: ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം വ്യാഴാഴ്ച അഞ്ചു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലെത്തി. ചില്ലറവിലയില്‍ അഞ്ചു ശതമാനമാണ് വര്‍ധന. മെയ് മാസത്തില്‍ ഉപഭോക്തൃ വിലസൂചികയിലെ വര്‍ധന 4.87 ശതമാനമായിരുന്നു. 2017 ജൂണില്‍ ഇത് 1.46 ശതമാനവും.
വിലക്കയറ്റം പൊതുവിപണിയില്‍ വരുംദിവസങ്ങളില്‍ സാധാരണക്കാരനെ ഏറെ ബുദ്ധിമുട്ടിലാക്കും.  നോട്ടു നിരോധനത്തിന് ശേഷം പല വ്യവസായ മേഖലകളും തകര്‍ന്നതിന്റെ സൂചനയായാണ് ഇതിനെ സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ) പുറത്തുവിട്ട കണക്കനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2.19 ശതമാനമാണ്. മെയ് മാസത്തില്‍ ഇത് 3.1 ശതമാനവും. ഇന്ധനത്തിന്റെയും ചെറുകിട ഉല്‍പന്നങ്ങളുടെയും വിലക്കയറ്റം 7.14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മെയ് മാസത്തിലെ 5.8 എന്ന നിലയില്‍നിന്നാണിത്. പണപ്പെരുപ്പം നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നു.
പണലഭ്യത വര്‍ധിക്കുന്നതും ചരക്കുകളുടെ വിതരണത്തിലുണ്ടാവുന്ന കുറവും ചരക്കുകളുടെ ആവശ്യകത വര്‍ധിക്കുന്നതുമാണ് പ്രധാനമായും പണപ്പെരുപ്പത്തെ സ്വാധീനിക്കുന്നത്. ജൂണിലെ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എണ്ണ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമായത്. 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ആഗോള എണ്ണവില ഈ വര്‍ഷം ഏതാണ്ട് 20 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 13 ശതമാനത്തോളവും.
അതേസമയം, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് കൂപ്പുകുത്തുന്നത്. യുഎസ് ഡോളറിനെതിരേ 68.87 രൂപയില്‍ ആരംഭിച്ച വ്യാഴാഴ്ചത്തെ വ്യാപാരം ഒരു ഘട്ടത്തില്‍ 69ഉം കടന്നു. ബാങ്കുകളും ഇറക്കുമതിക്കാരും കൂടുതലായി ഡോളര്‍ വാങ്ങിക്കൂട്ടിയതു വഴി വര്‍ധിച്ചുവന്ന ഡോളര്‍ ആവശ്യകത രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. ആഗോളവിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങളും ഇടിവിന് കാരണമായിട്ടുണ്ട്.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ് നിലവിലെ അവസ്ഥ. കഴിഞ്ഞവര്‍ഷം യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 5.96 ശതമാനം കരുത്താര്‍ജിച്ചിരുന്നു. എന്നാല്‍, 2018ന്റെ തുടക്കം മുതല്‍ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു.
Next Story

RELATED STORIES

Share it