രാഷ്ട്രീയ പ്രമേയം: അഭിപ്രായഭിന്നതകള്‍ അസാധാരണ സംഭവമല്ല- യെച്ചൂരി

ഹൈദരാബാദ്: കരട് രാഷ്ട്രീയപ്രമേയവുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലുണ്ടായ അഭിപ്രായഭിന്നതകള്‍ അസാധാരണ സംഭവമല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പ്രസ്ഥാനമാണ് സിപിഎം. അതുകൊണ്ടുമാത്രമാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും പിബിയും വോട്ടിനിട്ടു തള്ളിയ അഭിപ്രായം പാര്‍ട്ടി കോ ണ്‍ഗ്രസ്സില്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയത്. അതിനെ ബദല്‍രേഖയായി കാണേണ്ടതില്ല, ന്യൂനപക്ഷാഭിപ്രായം എന്ന നിലയില്‍ മാത്രമാണ് ആ അഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉന്നയിച്ചതെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരട് രാഷ്ട്രീയപ്രമേയം ജനറല്‍ സെക്രട്ടറി അല്ലാതെ മറ്റാരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്ന വാദം ശരിയല്ല. താന്‍ 12ാം തവണയാണ് പാര്‍ട്ടി കോ ണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. ഈ കാലയളവില്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ ജനറല്‍ സെക്രട്ടറി നയരേഖ അവതരിപ്പിക്കാതിരുന്നിട്ടുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടതില്ലെന്നതാണു തന്റെ നിലപാട്. എന്നാല്‍, ധാരണകളാവാം. സിപിഎം ഇന്നുവരെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയിട്ടില്ല. എന്നാല്‍, അപൂര്‍വം സാഹചര്യങ്ങളില്‍ ധാരണകളുടെ അടിസ്ഥാനത്തില്‍ യോജിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചതും അതുതന്നെയായിരുന്നു.
രാജ്യത്താകമാനം ജനങ്ങ ള്‍ക്ക് ബിജെപി-ആര്‍എസ്എസ് സര്‍ക്കാര്‍ ദുരിതം വിതയ്ക്കുകയാണ്. അതിനെതിരേ മതേതര ബദല്‍ ഉയര്‍ന്നുവരണം. അപ്പോഴും പ്രഥമ ലക്ഷ്യം ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഎമ്മിനെ ശക്തിപ്പെടുത്തുകയെന്നതാണ്. സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തും. പിന്നീട് ഇടതുപക്ഷ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുടെ പൊതുവേദി ശക്തിപ്പെടുത്തി ബിജെപിയെ പ്രതിരോധിക്കുകയെന്നതാണു ലക്ഷ്യം.
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച കരട് നയരേഖയെയും ന്യൂനപക്ഷ രേഖയെയും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകളിലും പൊതുചര്‍ച്ചകളിലും അവര്‍ അവരുടെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. ഇത് സ്റ്റിയറിങ് കമ്മിറ്റി എഴുതിനല്‍കുകയും ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി കരട് രേഖയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഭേദഗതികള്‍ ആവശ്യമുണ്ടോയെന്നത് തീരുമാനിക്കുക സ്റ്റിയറിങ് കമ്മിറ്റിയാണ്. പ്രതിനിധികളില്‍ കൂടുതല്‍പേര്‍ ഭേദഗതി ആവശ്യപ്പെട്ടാല്‍ അതു പരിഗണിക്കുമെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍, ന്യൂനപക്ഷ ലൈന്‍ വോട്ടിനിട്ട് തള്ളിയാല്‍ സെക്രട്ടറിസ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തില്‍ നിന്ന് യെച്ചൂരി ഒഴിഞ്ഞുമാറി.
Next Story

RELATED STORIES

Share it