kannur local

രാഷ്ട്രീയ കൊലപാതകം; കണ്ണൂര്‍ വീണ്ടും അശാന്തിയിലേക്ക്

കണ്ണൂര്‍: പകരത്തിന് പകരം ചോദിച്ചുകൊണ്ടും ചോരയ്ക്ക് ചോരകൊണ്ട് മറുപടി നല്‍കിയും ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂര്‍ ജില്ലയില്‍ അക്രമരാഷ്ട്രീയം വീണ്ടും അശാന്തി പടര്‍ത്തുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ കണ്ണൂരിന്റെ രാഷ്ട്രീയചരിത്രത്തിലേക്ക് രണ്ടുപേരുടെ പേരുകള്‍കൂടി തൊട്ടടുത്ത മാഹിയിലെ ഇരട്ടക്കൊലയോടെ ചേര്‍ക്കപ്പെട്ടു.
തിങ്കളാഴ്ച രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പള്ളൂരില്‍ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജും വെട്ടേറ്റു മരിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആദ്യ കൊലപാതകം. സ്വാഭാവികമായും സിപിഎം തിരിച്ചടിച്ചു. സമാന സംഭവം രണ്ടുവര്‍ഷം മുമ്പ് പയ്യന്നൂരില്‍ അരങ്ങേറിയിരുന്നു. 2016 ജൂലൈയില്‍ കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജും അന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനും മണിക്കൂറുകള്‍ക്കിടയിലാണ് കൊല്ലപ്പെട്ടത്.
എന്നാല്‍, സമാധാന യോഗങ്ങള്‍ പ്രഹസനമായതോടെ കൊലപാതകങ്ങള്‍ പിന്നെയും അരങ്ങേറി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സിപിഎം, ബിജെപി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പറയുന്നവര്‍ തന്നെ വീണ്ടും വീണ്ടും കൊലപാതകത്തിനും അക്രമത്തിനും ഉത്തരവാദികളാവുന്നതാണ് കാഴ്ച. വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങള്‍ കണ്ണൂരില്‍ ഉണ്ടായിട്ടില്ല.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം 11 രാഷ്ട്രീയ കൊലപാതകങ്ങളാണു അരങ്ങേറിയത്. ഇതില്‍ കൂടുതലും ബിജെപി, സിപിഎം പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി 19ന് കണ്ണവത്തെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടു. ഒരു മാസം തികയും മുമ്പെ ഫെബ്രുവരി 12ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബും കൊല്ലക്കത്തിക്ക് ഇരയായി. ശുഹൈബിന്റെ നിഷ്ഠൂരമായ കൊല മുമ്പൊന്നും ഇല്ലാത്ത വിധമുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഉയര്‍ത്തി. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികില്‍സിക്കുന്നതും പതിവാണ്. ബിജെപി, സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതും നേതൃത്വത്തിന്റെ അറിവോടെ തന്നെ. അക്രമ സംഭവങ്ങളില്‍ കേസെടുക്കുന്നുണ്ടെങ്കിലും രാഷ്ട്രീയവൈരം അടങ്ങാത്തത് പോലിസിന് തലവേദനയാവുകയാണ്.
Next Story

RELATED STORIES

Share it